ആലുവ: പെരിയാറിൽ കാണാതായ പെയിന്റിംഗ് തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലുവ കീഴ്മാട് കുളക്കാട് വാര്യത്തുപ്പറമ്പിൽ ശശിയുടെ മകൾ ശരത്ത് (27) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ആലുവ ഫയർ ഫോഴ്സ് സംഘവും മണൽ വാരൽ തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് ജോലി ആവശ്യത്തിനെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയ ശേഷം മടങ്ങിയെത്തിയിരുന്നില്ല. ചൊവ്വാഴ്ച്ച വൈകിട്ട് ആലുവ കടത്തുകടവിന് സമീപം ശരത്തിന്റെ വസ്ത്രവും ഫോണും നടക്കാനെത്തിയവർ കണ്ടെത്തി. തുടർന്ന് പൊലീസിനേയും ഫയർഫോഴ്‌സിനേയും അറിയിച്ചു. ഇതിനിടെ ഫോണിലേയ്ക്ക് വന്ന കോൾ നാട്ടുകാർ എടുത്തതോടെയാണ് പെരിയാറിൽ കാണാതായ യുവാവിന്റെ വിവരം ലഭിച്ചത്. ഫയർഫോഴ്‌സ് ക്യൂബാ ടീമിന്റെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ നടത്തിയത്. അമ്മ: അംബിക. സഹോദരി: ശാരി, ശ്രീകുമാർ.