ട്രാഫിക് അസി. കമ്മിഷണർ ഹാജരായി വിശദീകരിക്കണം
കൊച്ചി: ഗോശ്രീ പാലത്തിലെയും അപ്രോച്ച് റോഡുകളിലെയും അനധികൃത പാർക്കിംഗ് തടയുമെന്ന ഉറപ്പ് പാലിച്ചില്ല, കൊച്ചി സിറ്റി വെസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഗോശ്രീ പാലത്തിലെ അനധികൃത പാർക്കിംഗ് തടയണമെന്നാവശ്യപ്പെട്ട് എളങ്കുന്നപ്പുഴയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ അപെക്സ് കമ്മിറ്റി സെക്രട്ടറി പി.കെ. മനോജ്, അനിൽ എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം.
അനധികൃത പാർക്കിംഗ് തടയാനാവശ്യമായ നടപടികൾ സ്വീകരിച്ചെന്നു വ്യക്തമാക്കി ട്രാഫിക് വെസ്റ്റ് അസി. കമ്മിഷണർ നൽകിയ റിപ്പോർട്ട് സർക്കാർ അഭിഭാഷകൻ നേരത്തെ ഹൈക്കോടതിയിൽ നൽകിയിരുന്നു. പക്ഷേ നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് ജഡ്‌ജി കണ്ടെയ്നർ ടെർമിനൽ റോഡുവഴി ഹൈക്കോടതിയിലേക്ക് വരുമ്പോൾ ഈ ഭാഗത്തെ അനധികൃത പാർക്കിംഗ് തടഞ്ഞിട്ടില്ലെന്ന് കണ്ടെത്തി. തുടർന്നാണ് അസി. കമ്മിഷണർ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ നിർദേശിച്ചത്.
അനധികൃത പാർക്കിംഗിനെതിരെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന്
ഹർജിക്കാർ ആരോപിച്ചിരുന്നു. തുടർന്ന് ജി.സി.ഡി.എ യെ കേസിൽ ഹൈക്കോടതി സ്വമേധയാ കക്ഷിചേർത്തിരുന്നു.
19 ന് ഹാജരാകണം
ഹർജി പരിഗണിക്കുന്ന 19 ന് ഹാജരായി അനധികൃത പാർക്കിംഗ് തടയാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണം. കൂടാതെ കണ്ടെയ്നർ ടെർമിനൽ റോഡിൽ മതിയായ പാർക്കിംഗ് സൗകര്യമുണ്ടോ, ഈ റോഡിലേക്ക് ലോറികൾക്ക് വരാനും പോകാനും ബുദ്ധിമുട്ടുണ്ടോ എന്നീ കാര്യങ്ങളും വിശദീകരിക്കണം.
അനധികൃത പാർക്കിംഗ് മൂലം ഈ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യ വാഹനങ്ങൾ ഉൾപ്പെടെ റോഡിൽ പാർക്കു ചെയ്യുന്ന സ്ഥിതിയാണെന്നും വ്യക്തമാക്കിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.