കോലഞ്ചേരി: കനാലുകളെ കുപ്പ തൊട്ടിയാക്കി മാറ്റി മാലിന്യ നിക്ഷേപം. മാലിന്യങ്ങൾ നിറഞ്ഞ കനാലുകൾ ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തുന്നു. മാലിന്യങ്ങൾ അടിഞ്ഞ ഭാഗങ്ങളിൽ രൂക്ഷമായ ദുർഗന്ധവും പകർച്ച വ്യാധി ഭീഷണിയും. വെള്ളമൊഴുക്ക് നിയന്ത്രിക്കുന്ന ഷട്ടറുകളുടെയും, പാലങ്ങളുടെയും,കലുങ്കുകളുടെയും സമീപത്താണ് പ്ളാസ്റ്റിക് മാലിന്യങ്ങളടക്കം അടിയുന്നത്. അതോടൊപ്പം അറവു മാലിന്യങ്ങൾ, അടുക്കള വേയ്സ്റ്റുകൾ, ചത്ത മൃഗങ്ങളും ഒഴുകിയെത്തി ഇത്തരം കേന്ദ്രങ്ങളിൽ അടിയുകയാണ്.
ഇത് നീരൊഴുക്കിനേയും ബാധിക്കുന്നു.മാലിന്യം മൂലം ഏറെ ദുരിതമനുഭവിക്കുന്നത് കനാലിന്റെ തീരങ്ങളിൽ താമസിക്കുന്നവരാണ്. കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം ഒരു വശത്ത്. ചീഞ്ഞളിഞ്ഞ അറവ് മാലിന്യങ്ങൾ കാക്കകൾ കൊത്തി വലിച്ച് കിണറുകളിലും വീടിന്റെ പരിസരങ്ങളിലും ഇടുന്നതും പതിവാണ്.
പ്ലാസ്റ്റിക് വലിച്ചെറിയുന്നത് കനാലിലേക്ക്
വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് അടിഞ്ഞു കൂടുന്ന ഭാഗത്തെ നാട്ടുകാർ. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയതോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ കനാലുകൾ ഉപയോഗിക്കാൻ തുടങ്ങിയത് വലിയ ഭീഷണിയാണ്. കനാലുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയിട്ടുണ്ട്. വെള്ളം തുറന്ന് വിട്ടതോടെ ഇവയെല്ലാം കനാലിന്റെ കലുങ്കുകളിലും പാലങ്ങളുടെ അടിയിലും തങ്ങി നിൽക്കുന്ന അവസ്ഥയിലാണ്.
ആരോഗ്യ വിഭാഗവും നടപടിയെടുക്കുന്നില്ല
പെരിയാർവാലി ഇറിഗേഷൻ വകുപ്പിനാണ് കനാലുകളുടെ ചുമതല. നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ.പകർച്ചവ്യാധി ഭീഷണി നിലനിൽക്കുമ്പോൾ മാലിന്യനിക്ഷേപത്തിനെതിരെ ആരോഗ്യ വിഭാഗവും നടപടി സ്വീകരിക്കുന്നില്ല. കഴിഞ്ഞ ദിവസം കാണിനാട് വേളൂരിലും,പട്ടിമറ്റം അത്താണിയിലും കനാൽവെള്ളത്തിൽ അടിഞ്ഞ് കൂടിയത് നാട്ടുകാർ പണിപ്പെട്ടാണ് ഒഴുക്കി കളഞ്ഞത്.
ദാഹ ജലം മലിനമായി
കനാലിന് ഇരു കരകളിലുമുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത് പെരിയാർ വാലി കനാലുകളാണ്. നിരവധി കുടി വെള്ള പദ്ധതികളും കനാലിനെ ആശ്രയിച്ചാണ് നില നില്ക്കുന്നത്. കനാലുകളോട് ചേർന്ന് താഴ്ത്തിയിരിക്കുന്ന കിണറുകളിൽ നിന്നുമാണ് കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത്. ഇതാണ് പകർച്ച വ്യാധി ഭീഷണിയുണ്ടാക്കുന്നത്. ഇതു കൂടാതെ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യവും കനാലിലേയ്ക്ക് ടാങ്കറിലെത്തിച്ച് തള്ളുന്നുമുണ്ട്. കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് ശ്രീജേഷ് റോഡിലും, കോലഞ്ചേരിയിൽ പുതുപ്പനത്തും ഇത്തരത്തിൽ കനാലിലേയ്ക്ക് മാലിന്യം തള്ളിയത് കണ്ടെത്തിയിരുന്നു.എന്നാൽ ഇവർക്കെതിരെ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.