തൃപ്പൂണിത്തുറ: കനത്ത മഴയിൽ നഗരത്തിലെ കാനകൾ കവിഞ്ഞൊഴുകി. റോഡും വ്യാപാര കേന്ദങ്ങളും ചെളിക്കുണ്ടായി. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയെത്തുടർന്നാണ് തൃപ്പൂണിത്തുറ കിഴക്കേ കോട്ട- സ്റ്റാച്ചു റോഡിലെ കാനകൾ നിറഞ്ഞൊഴുകിയത്. ഇതേത്തുടർന്ന് പ്രധാന റോഡിന്റെ നടപ്പാതകളും നഗരത്തിലെ താഴ്ന്ന പ്രദേശത്തെ വ്യാപാര കേന്ദ്രങ്ങളും ഹോട്ടലുകളും മാലിന്യത്താൽ നിറഞ്ഞു. പുലർച്ചെ കട തുറക്കാൻ എത്തിയവർക്ക് കടകളിലേയ്ക്ക് കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. ദുർഗന്ധം മൂലം യാത്രക്കാർക്കു പോലും ഇതുവഴി കടന്നു പോകുവാൻ കഴിയുമായിരുന്നില്ല.ചില കടക്കാർ മാലിന്യം നീക്കം ചെയ്ത ശേഷമാണ് കടകൾ തുറന്നത്.

കാനകൾ നിറയുവാൻ കാരണം ഹോട്ടൽ മാലിന്യങ്ങളാണെന്ന് നഗരസഭ അധികൃതർ തന്നെ പറയുന്നു. മാസങ്ങൾക്കു മുൻപു ഈ ഭാഗത്തെ കാനകളിൽ മാലിന്യം നിറഞ്ഞപ്പോൾ മർച്ചന്റ്സ് യൂണിയൻ എൻപതിനായിരം രൂപ ചിലവിട്ടു കാനകൾ വൃത്തിയാക്കി . കിഴക്കേകോട്ട ഭാഗത്തെെ ചില ഹോട്ടലുകളിൽ നിന്നും മാലിന്യം കാനയിലേയ്ക്ക് ഒഴുകുന്നതായി നേരത്തെ കണ്ടെത്തുകയും ചെയ്തിരുന്നു.

ഹോട്ടൽ മാലിന്യം കാനയിൽ തള്ളുന്നവർക്കെതിരെ നഗരസഭ കർശന നടപടി സ്വീകരിക്കണമെന്ന് മർച്ചന്റ്സ് യൂണിയൻ പ്രസിഡന്റ് തോമസ് പോൾ ആവശ്യപ്പെട്ടു. അതേ സമയം മാലിന്യം റോഡിൽ നിറഞ്ഞു കിടന്നിട്ടും ആരോഗ്യ വിഭാഗം ഇതിൽ ബ്ലീച്ചിംഗ് പൗഡർ പോലും വിതറിയില്ലെന്ന് വ്യാപാരികൾ പറഞ്ഞു.