കാലടി: മലയാറ്റൂർ കാടപ്പാറ വള്ളിയാംകുളത്ത് കാട്ടാന ശല്യം രൂക്ഷമായി. പ്രദേശത്ത് താമസിക്കുന്ന കോളനി നിവാസികൾ ഭയപ്പാടിലാണ് കഴിയുന്നത്. കോളനിയിലെ താമസക്കാർ മിക്ക രാത്രികളിലും കാവലിരുന്ന് തീയിട്ടും പടക്കം പൊട്ടിച്ചുമാണ് കാട്ടാനക്കൂട്ടത്തെ ജനവാസമേഖലയിൽ നിന്ന് ഓടിക്കുന്നത്. ആനക്കൂട്ടം രാത്രിയിൽ എത്തിയാൽ നേരം വെളുക്കുന്നതുവരെയും പ്രദേശത്ത് തങ്ങുന്നത് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. കുട്ടികൾക്ക് സ്കൂളിലും മുതിർന്നവർക്ക് ജോലിക്ക് പോകാനും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പരിസരത്തുകൂടി കടന്നുപോകുന്ന ഇടമലയാർ അക്വഡേറ്റിന്റെ താഴെ ഒരുകിലോമീറ്റർ ദൂരപരിധിയിൽ ഫെൻസിംഗ് നടത്തണമെന്ന് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വള്ളിയാംകുളം ഭഗവതി ക്ഷേത്രത്തിനോട് ചേർന്നാണ് നാല് സെന്റ് കോളനി.