കോലഞ്ചേരി : സ്കൂൾ സർട്ടിഫിക്കറ്റോ, പാസ്പോർട്ടോ, ജനന സർട്ടിഫിക്കറ്റോ ഇല്ലാത്തവർക്ക് ഇനി മുതൽ അവിവാഹിത, വാർദ്ധക്യ ക്ഷേമപെൻഷനില്ല. ധനകാര്യ ജോയിന്റ് സെക്രട്ടറി ബി.പ്രദീപ് കുമാർ ഇതു സംബന്ധിച്ച് കോർപ്പറേഷനുകൾക്കും, മുനിസിപ്പാലിറ്റികൾക്കും, പഞ്ചായത്തുകൾക്കും നിർദ്ദേശം നല്കി.
ഇതോടെ, ഈ മൂന്നിൽ ഏതെങ്കിലും രേഖ ഹാജരാക്കാനില്ലാത്തവരുടെ അപേക്ഷകൾ നിരസിച്ചു തുടങ്ങി.
50 വയസു കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ, വാർദ്ധക്യകാല പെൻഷൻ എന്നിവയ്ക്കാണ് വയസ് തെളിയിക്കേണ്ടത്. ജനന സർട്ടിഫിക്കറ്റാണ് ഇതിനുള്ള ആധികാരിക രേഖ. സാധാരണക്കാരിൽ ഭൂരിഭാഗത്തിനും, വിശേഷിച്ച് 50 വയസിലേറെ പ്രായമുള്ളവർക്ക് ജനനസർട്ടിഫിക്കറ്റില്ലെന്നതാണ് യാഥാർത്ഥ്യം. പെൻഷന് അപേക്ഷിക്കുന്നവരിൽ പാസ്പോർട്ടുള്ളവരും കുറവാണ്. സ്കൂൾ സർട്ടിഫിക്കറ്റാണ് ആശ്രയമാവുക. അതും ഇല്ലെങ്കിൽ ക്ഷേമപെൻഷൻ കിട്ടില്ല.
ഇതുവരെ ചെയ്തുവന്നത്
ഗവ.ഡോക്ടർ നൽകുന്ന പ്രായ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പെൻഷൻ അനുവദിച്ചിരുന്നു. പിന്നീട് ആധാർ കാർഡ് അടിസ്ഥാന രേഖയാക്കി. ആധാർ രേഖയായി സ്വീകരിക്കാമെന്ന ഉത്തരവാണ് ഇപ്പോൾ റദ്ദാക്കിയത്.