കൊച്ചി : പിറവം പള്ളിയോടനുബന്ധിച്ചുള്ള ചാപ്പലുകളുടെ നിയന്ത്രണം കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒാർത്തഡോക്‌സ് വിഭാഗം നൽകിയ ഉപഹർജി കൂടുതൽ നിർദ്ദേശങ്ങൾ ആവശ്യമില്ലെന്ന് വിലയിരുത്തി ഹൈക്കോടതി തീർപ്പാക്കി. സുപ്രീം കോടതിയുടെ വിധിയനുസരിച്ച് പിറവം പള്ളി ഏറ്റെടുക്കാൻ ഉത്തരവ് നൽകിയിരുന്നു. ഇതിൽ കൂടുതൽ നിർദ്ദേശങ്ങൾ ആവശ്യമില്ല. ഹൈക്കോടതിയുടെ വിധിയിൽ വ്യക്തത ആവശ്യമെങ്കിൽ ഹർജിക്കാർക്ക് അക്കാര്യമുന്നയിച്ച് ഹർജി നൽകാൻ സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞാണ് ഉപഹർജി തീർപ്പാക്കിയത്. പിറവം പള്ളിയോടനുബന്ധിച്ചുള്ള 11 ചാപ്പലുകൾക്കാണ് ഹർജിക്കാർ അവകാശം ഉന്നയിച്ചത്. പള്ളി ഏറ്റെടുത്തു കൈമാറാനുള്ള വിധിയിൽ ചാപ്പലുകളെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഒാർത്തഡോക്സ് വിഭാഗം ഉപഹർജി നൽകിയത്. പള്ളിക്കേസിൽ ഹൈക്കോടതി വിധി പറഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ ഉപഹർജി നിലനിൽക്കില്ലെന്ന വാദമാണ് യാക്കോബായ വിഭാഗം ഉന്നയിച്ചത്. വിധിയിൽ ചാപ്പലുകൾ ഉൾപ്പെടെ പള്ളിയുടെ മറ്റു സ്വത്തുക്കളെക്കുറിച്ച് പറയുന്നില്ലെങ്കിലും ചാപ്പൽ പള്ളിയുടെ അവിഭാജ്യ ഘടകമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. സഭയുടെ വസ്തുവകകൾ മലങ്കര മെത്രാപ്പൊലീത്ത കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി വിധി പറഞ്ഞതിനാൽ ഇതിൽ ഇടപെടുന്നത് ഉചിതമല്ല. ഒാർത്തഡോക്സ് വിഭാഗത്തിന്റെ ഹർജിയിൽ ചാപ്പലുകളെക്കുറിച്ചു പറഞ്ഞിട്ടില്ല. വിധിയിലും ചാപ്പലുകളെക്കുറിച്ച് പരാമർശമില്ല. ഇക്കാര്യത്തിൽ വ്യക്തത തേടിയിട്ടുമില്ലെന്നിരിക്കെ ഹർജിക്കാരുടെ വാക്കാലുള്ള ആവശ്യം പരിഗണിച്ച് നിർദ്ദേശം നൽകാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.