കോലഞ്ചേരി: തെങ്ങു കയറ്റക്കാരനെ തേടി നാടു മുഴുവൻ അലയണ്ട. പണിക്കാരനെ സർക്കാർ ആപ്പ് തരും. സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പാണ് ഇതിനായി 'സ്കിൽ രജിസ്ട്രറി 'എന്ന പേരിൽ ആപ്പിറക്കിയത്. ഇത് ആൻഡ്രോയ്ഡ് ഫോണുകളുടെ പ്ളെ സ്റ്റോറിൽ ലഭ്യമാണ്.
തൊഴിൽ പരിചയം, കൂലി, റേറ്റിംഗ്, എത്ര സമയംകൊണ്ട് എത്തും തുടങ്ങി വിവരങ്ങൾ നോക്കി തൊഴിലാളികളെ തിരഞ്ഞെടുക്കാനും ആപ്പിൽ സൗകര്യമുണ്ട്. ഗാർഹിക, വ്യവസായ ആവശ്യങ്ങൾക്കു വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കുകയും തൊഴിൽ ഉറപ്പാക്കുകയുമാണു ലക്ഷ്യം.
തൊഴിലാളിയുടെ പേര്, ഫോട്ടോ, മേൽവിലാസം, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ ആപ്ലിക്കേഷനിൽ ലഭിക്കും.
മൂന്ന് വിഭാഗങ്ങൾ
വീട്ടുപകരണങ്ങളുടെ റിപ്പയറിംഗ്
പ്രതി ദിന ജോലികൾ
വീടുകളുടെ അറ്റകുറ്റ പണികൾ
വീട്ടുപകരണങ്ങളുടെ റിപ്പയറിംഗിൽ
എ.സി , ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ,ടെലി വിഷൻ, കമ്പ്യൂട്ടർ, ഓവൻ,മിക്സർ ഗ്രൈൻഡർ എന്നിവയുടെ സർവീസ് ആൻഡ് റിപ്പയർ
പ്രതി ദിന സേവനങ്ങളിൽ
ഡ്രൈവർ, ഹൗസ് മെയ്ഡ്, ഹോം ക്ലീനിംഗ് , ഹൗസ് കീപ്പിംഗ്, തെങ്ങ് കയറ്റം, തുണി അലക്കലും തേയ്ക്കലും, ഡെ കെയർ, പ്രായമായവർക്കുള്ള സംരക്ഷണം, ആരോഗ്യ പരിശോധനകൾ, മൊബൈൽ ബ്യൂട്ടി പാർലർ എന്നിങ്ങനെ സേവനങ്ങൾ.
വീടുകളുടെ അറ്റ കുറ്റ പണികൾക്ക്
മരപ്പണി, പ്ളംമ്പർ, ഇലക്ട്രീഷ്യൻ, പെയിന്റർ, മേസൻ, പുല്ലു വെട്ടുന്നവർ, ഗാർഡനർ സേവനങ്ങൾ
ഉപഭോക്തക്കൾ ചെയ്യേണ്ടത്
തൊഴിലാളികളെ ലഭിക്കാൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു പേര്, സ്ഥലം, മൊബൈൽ നമ്പർ, എസ്.എം.എസ് ആയി ലഭിക്കുന്ന ഒ.ടി.പി നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. സർവീസ് പ്രൊവൈഡർ എന്ന ഭാഗത്തു ക്ലിക്ക് ചെയ്ത് ജില്ല, താലൂക്ക്, പഞ്ചായത്ത് എന്നിവ നൽകണം. മൊബൈൽ ലൊക്കേഷൻ ഓൺ ഓൺ ചെയ്താൽ ഈ വിവരങ്ങൾ തനിയെ അപ്ഡേറ്റാകും.
തൊഴിലാളികൾ രജിസ്റ്റർ ചെയ്യേണ്ടത്
തൊഴിലാളികൾ രജിസ്റ്റർ ചെയ്യാൻ ആപ്ലിക്കേഷനിൽ പ്രവേശിച്ച് ലൊക്കേഷൻ ഓൺ ചെയ്ത് കസ്റ്റമർ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു പേര്, മേൽവിലാസം, ജോലി പരിചയം, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകണം.
ഫോട്ടോ, ബന്ധപ്പെട്ട മേഖലയിൽ വിദഗ്ധ തൊഴിലാളിയാണെന്ന സർട്ടിഫിക്കറ്റ് (പഞ്ചായത്ത് അംഗത്തിന്റെയോ കുടുംബശ്രീ യൂണിറ്റിൽ നിന്നോ ) എന്നിവ അപ്ലോഡ് ചെയ്തു രജിസ്റ്റർ ചെയ്യണം. ജോബ് ഐഡി നമ്പർ ലഭിക്കും സേവനം ആവശ്യപ്പെടുമ്പോൾ തൊഴിലാളിയുടെ മൊബൈലിൽ സന്ദേശം എത്തും. ലൊക്കേഷൻ നോക്കി വീടുകളിലെത്താം