വൈപ്പിൻ: സംസ്ഥാന ബഡ്ജറ്റിൽ വൈപ്പിൻ കാളമുക്ക് ഫിഷ് ലാൻഡിംഗ് സെന്ററിന് പ്രത്യേക പരിഗണന നൽകി ഹാർബർ എൻജിനിയറിംഗ് വകുപ്പ് കൈമാറിയിട്ടുള്ള പ്രൊജക്ട് പ്രകാരമുള്ള തുക ബഡ്ജറ്റിൽ വകയിരുത്തണമെന്ന് കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ 20 കൊല്ലമായി സമരം ചെയ്തതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആഗസ്റ്റിൽ ഫിഷറീസ് മന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിൽ പ്രഖ്യാപിച്ചതാണ് കാളമുക്ക് ഫിഷ്‌ലാൻഡിംഗ് സെന്റർ. കടലിൽ മത്സ്യലഭ്യത കുറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പട്ടിണിയിലും കടക്കെണിയിലുമായ സ്ഥിതിക്ക് മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽസഹായ പാക്കേജ് അനുവദിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സംസ്ഥാന ഗവൺമെന്റിന്റെ കീഴിൽ മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ സബ്‌സിഡി അനുവദിക്കണം. പ്രകൃതി ദുരന്തങ്ങൾ വന്നപ്പോൾ തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ടതിനാൽ മത്സ്യത്തൊഴിലാളികൾക്ക് നൽകാമെന്ന് പറഞ്ഞ മൂവായിരം രൂപ ഉടൻ നൽകണം. മത്സ്യത്തൊഴിൽ മേഖലയിൽ ഗൃഹനിർമ്മാണ ആനുകൂല്യങ്ങൾ എല്ലാം തന്നെ ഫിഷറീസ് ഡിപ്പാർട്ടുമെന്റ് വഴി തന്നെ നൽകാനുള്ള അനുവാദം ഉണ്ടാവണം. ജില്ലയിലെ വൈപ്പിൻകരയിലും ചെല്ലാനം മേഖലകളിലും പ്രകൃതി ക്ഷോഭങ്ങളെ തടയുന്നതിനുള്ള അടിയന്തര മാർഗങ്ങളും ബഡ്ജറ്റിൽ ഉണ്ടാകണമെന്ന് സമിതി ആവശ്യപ്പെടുന്നു..