 
കോലഞ്ചേരി: പൊടിയടിച്ചു മടുത്ത നാട്ടുകാർ റോഡ് ഉപരോധിച്ചു .പട്ടിമറ്റം പത്താം മൈൽ റോഡരികിലെ താമസക്കാരാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ സമര രംഗത്ത് എത്തിയത്. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ അയ്യപ്പൻ കുട്ടി ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ അദ്ധ്യക്ഷനായി. രണ്ട് വർഷമായി തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് ഇവർ സമര രംഗത്തേയ്ക്ക് എത്തിയത്. കഴിഞ്ഞ ദിവസം കുന്നത്തുനാട് പഞ്ചായത്തിലെ അഞ്ചാം വാർഡ് ഗ്രാമ സഭയിൽ പ്രശ്നം ഉന്നയിച്ചിരുന്നു. റോഡിലെ കുഴികളിൽ മെറ്റലും കരിങ്കൽ പൊടിയും ഇട്ടതോടെ പൊടിയും മണ്ണും റോഡിന്റെ ഇരുവശവും ഉള്ള വീടുകളിലേക്ക് ആഞ്ഞടിക്കുകയാണ്. വീട് പടുതയിട്ട് മറച്ചാണ് താമസം. പൊടി ശല്ല്യം കൂടിയതോടെ കുട്ടികൾക്ക് ശ്വാസതടസവും ചുമയും അലർജിയും പിടിപെട്ടു. മുറിക്കുള്ളിലിരുന്ന് ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല. പൊടി നിറഞ്ഞ് ഭക്ഷണം വരെ ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണിവർ. കുന്നത്തുനാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി.ഇ ഇബ്രാഹിം, വി.പി മുഹമ്മദ്. കെ.എസ് ശശീന്ദ്രൻ, കെ.വി സ്കറിയ, വി.പി ജബ്ബാർ, രാമൻ കർത്ത തുടങ്ങിയവർ നേതൃത്വം നൽകി.