പെരുമ്പാവൂർ: ജനജീവിതത്തിന് ഭീഷണിയായി വീണ്ടും കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങി. പാണംകുഴി ഭാഗത്ത് പുഴയ്ക്ക് അക്കരെ വനത്തിൽ നിന്നും ഇറങ്ങി പെരിയാർ നദി കടന്ന് പാണംകുഴി മുതൽ കോടനാട് വരെ വ്യാപിച്ച് കിടക്കുന്ന തേക്ക് തോട്ടത്തിൽ കാട്ടാനയെത്തിയതോടെ ജനങ്ങൾ ആശങ്കയിലായി. കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നാശമുണ്ടാക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണ്.
വിഷയം നിയമസഭയിൽ അവതരിപ്പിച്ചിരുന്നു
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഈ വിഷയം കേരള നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. 5 കി.മീ. ദൂരം സൗരോർജ്ജ വേലി നിർമ്മിക്കാൻ തീരുമാനമായി. വനങ്ങളിൽ തീറ്റകുറഞ്ഞതും ജലദൗർലഭ്യവുമാണ് ആനയിറങ്ങുന്നതിന് പ്രധാന കാരണം. സർക്കാർ ഇക്കാര്യത്തിൽ കാര്യക്ഷമമായ ഇടപെടൽ നടത്തണം. തീറ്റയ്ക്കായി മുള, അമ, ഈറ്റ, എന്നിവ വനത്തിനുള്ളിൽ ധാരാളമായി നട്ട് പിടിപ്പിക്കണം, ആനക്ക് ഏറെ ഇഷ്ടമായ പന നട്ട് പിടിപ്പിക്കാൻ ഇവയുടെ വിത്ത് വനാന്തർഭാഗത്ത് വിതറണം. വെള്ളലഭ്യതയ്ക്കായി ചെറുതോടുകളിൽ തടയണകൾ നിർമ്മിക്കണം. വനത്തിൽ തീറ്റയുണ്ടായാൽ ഇവ തീറ്റക്കായും കുടിവെള്ളത്തിനായും പെരിയാറിലേയ്ക്കും തുടർന്ന് ജനവാസ കേന്ദ്രങ്ങളിലേയ്ക്കും എത്തുന്നത് തടയാം.
വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് നൽകുന്ന നഷ്ട പരിഹാര തുക വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഈ മേഖലയിൽ കാട്ടുപന്നികൾ വരുത്തുന്ന നഷ്ടങ്ങൾ ഏറെ വലുതാണ്. അർഹമായ നഷ്ട പരിഹാരം പോലും കർഷകർക്ക് ലഭിക്കുന്നില്ല.ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിക്ക് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. പ്രകാശ് നിവേദനം നൽകി.