തോപ്പുംപടി: കൊച്ചിയുടെ പൈതൃകമായ ഹാർബർപാലം തകർച്ചയുടെ വക്കിൽ.ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപണികൾ നടത്തി മാസങ്ങളെ ആയിട്ടുള്ളൂ.
പാലത്തിന്റെ താഴ്ഭാഗം മയക്കമരുന്ന് കഞ്ചാവ് എന്നിവരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. വർഷങ്ങൾക്കു മുൻപ് തോപ്പുംപടി പൊലീസിന്റെ നേതൃത്വത്തിൽ ഇവിടെ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ കുറച്ച് യുവാക്കളെ പിടികൂടിയിരുന്നു.പാലത്തിന്റെ ഇരു കൈവരികളും കാട് പിടിച്ചിരിക്കുകയാണ്.കൂടാതെ പശ്ചിമകൊച്ചി ഭാഗത്ത് അറക്കുന്ന ആട് മാട് മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പാലം. ചരിത്രത്തിന്റെ ഭാഗമായ ഈ പാലം സംരക്ഷിക്കണമെന്നാണ് ആവശ്യം. മട്ടാഞ്ചേരി ബസാറിലേക്ക് ചരക്കുമായി ആയിരക്കണക്കിന് ലോറികൾ കടന്നു പോയിരുന്നത് ഈ പാലത്തിലൂടെയായിരുന്നു.
പടുകുഴിയായി പാലത്തിന്റെ മധ്യഭാഗം
പാലത്തിന്റെ മധ്യഭാഗം ഏതാണ്ട് തകർന്നു തരിപ്പണമായി. കുഴികളിൽ ടൂ വീലർ യാത്രക്കാർ വീഴുന്നത് നിത്യസംഭവമായി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ദുരിതം ഇരട്ടിച്ചു. പാലം നിർമ്മാണ സമയത്ത് മദ്ധ്യഭാഗം പലകയിൽ തീർത്തതായിരുന്നു. കപ്പൽ വരുന്ന മുറയ്ക്ക് പാലത്തിന്റെ മദ്ധ്യഭാഗം ഉയർത്തി. ഇതിലൂടെ കടന്ന് പോകാൻ കഴിയുമായിരുന്നു. തടി ക്ഷാമം മൂലം വീണ്ടും ഈ ഭാഗം ടാർ ചെയ്യുകയായിരുന്നു.