കൊച്ചി : വൈക്കം ഉദയനാപുരത്ത് വേമ്പനാട് കായലിനു മുകളിൽ അപ്രോച്ച് റോഡില്ലാതെ നിൽക്കുന്ന പാലം സംസ്ഥാനത്തെ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നതിന്റെ ദയനീയാവസ്ഥയാണ് കാട്ടി തരുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഉദയനാപുരത്ത് മേക്കക്കടവിൽ നിന്ന് നേരെ കടവിലേക്ക് നീളുന്ന പാലത്തിന്റെ നിർമ്മാണം 2016ലാണ് ആരംഭിച്ചത്. അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുക്കാതെയാണ് പാലം പണി തുടങ്ങിയത്. ഇരുകരകളുമായി ബന്ധമില്ലാതെ കായലിനു കുറുകേ നിൽക്കുന്ന പാലമാണ് ഇപ്പോഴുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുപ്പ് ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് വൈക്കം കരിപ്പാടം സ്വദേശി എൻ.എം. താഹ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിക്കുന്നത്. പാലം നിർമ്മിക്കാൻ 48 കോടി രൂപ ചെലവഴിച്ചെന്ന് ഹർജിക്കാരൻ പറയുന്നു.
ഹൈക്കോടതി പറയുന്നു
അപ്രോച്ച് റോഡില്ലാതെ പാലം നിർമ്മിച്ചതു കൊണ്ടു പ്രയോജനമില്ലെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകും. എന്നിട്ടും അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുക്കാതെ എന്തിനാണ് പാലം നിർമ്മിക്കാൻ ധൃതി കാട്ടിയതെന്ന് വ്യക്തമല്ല. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടേണ്ട കേസാണിത്. അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനാണ് കൂടുതൽ പ്രധാന്യം നൽകുന്നതെന്നതിനാൽ തല്കാലം ചെയ്യുന്നില്ല. വേണ്ടി വന്നാൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടും. സ്ഥലമേറ്റെടുപ്പിന് അടിയന്തര നടപടി സ്വീകരിച്ച് ഇതിന്റെ റിപ്പോർട്ട് ഹർജി അടുത്ത തവണ പരിഗണിക്കുന്നതിനു മുമ്പ് പൊതുമരാമത്ത് സെക്രട്ടറി നൽകണം. നിലവിൽ നിർമ്മിച്ച പാലത്തിന് ബലക്ഷയമുണ്ടോയെന്ന് പരിശോധിച്ച് കരാറുകാർ അക്കാര്യം അറിയിക്കണം. പദ്ധതി പൂർത്തിയാകും വരെ ഇവിടെ ജങ്കാർ സർവീസ് പുന: സ്ഥാപിക്കാനാവുമോയെന്ന കാര്യം സർക്കാരും അറിയിക്കണം.