കൊച്ചി: കരാറുകാർക്ക് ലഭിക്കാനുള്ള 4000 കോടി രൂപ തന്നു തീർക്കണമെന്നും കരാറുകാരുടെ അവകാശങ്ങൾ നിഷേധിച്ചു കൊണ്ടുള്ള ഉത്തരവുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ 13ന് കാക്കനാട് ജില്ലാകളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ11ന് പി.ടി തോമസ് എം. എൽ .എ ഉദ്ഘാടനം ചെയ്യും. ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷനും ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷനും മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും നിവേദനങ്ങൾ നൽകിയിട്ടും അനുകൂലമായ തീരുമാനം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് സമരം കടുപ്പിക്കുന്നത്. കേരള സർക്കാരിന്റെ കീഴിലുള്ള പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ, ത്രിതല പഞ്ചായത്ത് എന്നീ വകുപ്പുകളിലെ കരാറുകാർ ഫെബ്രുവരി 1 മുതൽ ടെൻഡർ ബഹിഷ്കരണ സമരം തുടങ്ങിയിരുന്നു. സംയുക്ത സമരസമിതി ഭാരവാഹികളായ കെ.എ അബ്ദുള്ള (ചെയർമാൻ), ഇ.കെ കരീം (കൺവീനർ), പി.വി സ്റ്റീഫൻ, വി.കെ വിജയകുമാർ (സെക്രട്ടറിമാർ), പി.കെ ഇബ്രാഹിം, ടി.എ ഷംസുദ്ദീൻ (കോർഡിനേറ്റേഴ്സ്) എന്നിവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു.
കരാറുകാരുടെ ആവശ്യങ്ങൾ
കുടിശിക ഉടൻ അനുവദിക്കുക
അശാസ്ത്രീയമായി വർദ്ധിപ്പിച്ച സെക്യൂരിറ്റി തുകയും കാലാവധിയും പിൻവലിക്കുക
ബിൽ ഡിസ്കൗണ്ട് സിസ്റ്റം പലിശ സർക്കാർ വഹിക്കുക
സ്റ്റാമ്പ് പേപ്പറിന്റെ അമിതവർദ്ധനവ് പിൻവലിക്കുക
മാർക്കറ്റ് നിരക്ക് അനുസരിച്ച് റേറ്റ് റിവിഷൻ നടപ്പാക്കുക
കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് ഒഴിവാക്കുക
എൽ.എസ്.ജി.ഡിയിൽ ടാറിന്റെ യഥാർത്ഥ വിലനൽകുക
പണികൾ കൃത്യസമയത്ത് പൂർത്തീകരിച്ച കരാറുകാർക്കുള്ള ബോണസ് പുന:സ്ഥാപിക്കുക
എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ സൈറ്റ് ഇൻസ്പെക്ഷൻ നടത്തി അനുകൂല തീരുമാനമെടുക്കുക
ഒരു കോടിയിൽ താഴെയുള്ള വർക്കുകൾക്കുള്ള ടാർ ഡിപ്പാർട്ട്മെന്റ് നേരിട്ട് വാങ്ങി നൽകുന്നത് പുന:സ്ഥാപിക്കുക