കൊച്ചി : ചെല്ലാനത്ത് കടലാക്രമണം തടയാൻ 120 ജിയോ ട്യൂബുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും എട്ട് ജിയോ ട്യൂബുകൾ മാത്രമാണ് സ്ഥാപിക്കാനായതെന്ന് ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ ഹൈക്കോടതിയിൽ അറിയിച്ചു. അടുത്ത മഴക്കാലത്തിനു മുമ്പ് ജിയോ ട്യൂബുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയാക്കിയില്ലെങ്കിൽ തീരത്തെ 2000 ത്തോളം കുടുംബങ്ങളെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും സൂപ്രണ്ടിംഗ് എൻജിനീയർ ജി. ഉണ്ണികൃഷ്‌ണൻ നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. ചെല്ലാനം തീരത്ത് ജിയോ ട്യൂബ് സ്ഥാപിക്കുന്ന ജോലികൾ സമയബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ കൊച്ചി തീര സംരക്ഷണ സമിതിയംഗങ്ങൾ നൽകിയ ഹർജിയിലാണ് ഇറിഗേഷൻ വകുപ്പ് ഇക്കാര്യം അറിയിച്ചത്.

 സ്റ്റേറ്റ്മെന്റിൽ നിന്ന് :

 ജിയോ ട്യൂബ് സ്ഥാപിക്കുന്നതിൽ വീഴ്ച വരുത്തിയ കരാറുകാരനെ നീക്കി.

 ട്യൂബിൽ മണൽ നിറയ്ക്കുന്നതിനുള്ള ഉപകരണം പോലും കരാറുകാരൻ എത്തിച്ചിരുന്നില്ല.

 കരാറുകാരന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ്.

 ചെല്ലാനം വേളാങ്കണ്ണി പള്ളിക്ക് സമീപം എട്ട് ജിയോ ട്യൂബുകളുടെ നിർമ്മാണം ഭാഗികമായി പൂർത്തിയായി.

 നോർത്ത് ബസാർ റോഡിലും കമ്പനിപ്പടിക്ക് വടക്കും 33 എണ്ണം വീതം സ്ഥാപിക്കാനുണ്ട്.

 വാചാക്കലിൽ 15 എണ്ണവും ചെറിയക്കടവിൽ 21 എണ്ണവും സ്ഥാപിക്കാനുണ്ട്.

 മാർച്ച് അഞ്ചിനകം ജിയോ ട്യൂബ് സ്ഥാപിക്കാനാണ് കരാറുകാരന് നിർദ്ദേശം നൽകിയത്.

 ഇതിൽ പരാജയപ്പെട്ടതിനാൽ കരാറുകാരനെ ഒഴിവാക്കി.

 പുതിയ ടെണ്ടർ വിളിക്കാൻ നടപടികൾ തുടങ്ങി.