ആലുവ: ആലുവ - കളമശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പൈപ്പുലൈൻ അറ്റകുറ്റപ്പണി നടത്തുന്നതിന് വാട്ടർ അതോറിട്ടി എൻ.ഒ.സി നൽകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. തകർന്ന് തരിപ്പണമായ പെെപ്പുലൈൻ റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ എൻ.ഒ.സി നൽകുന്നില്ലെന്നാരോപിച്ച് അൻവർ സാദത്ത് എം.എൽ.എ സഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി അനുകൂലമായി പ്രതികരിച്ചത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
വാട്ടർ അതോറിറ്റി റോഡ് നന്നാക്കുന്നതിനുള്ള ഫണ്ട് ഇല്ലാത്ത അവസ്ഥയിലും എം.എൽ.എമാരോ ജില്ലാ പഞ്ചായത്തോ ഫണ്ട് അനുവദിച്ചാൽ എൻ.ഒ.സി നൽകാതെ വാട്ടർ അതോറിട്ടി തടസവാദങ്ങൾ ഉന്നയിക്കുകയായിരുന്നുവെന്ന് സബ് മിഷനിൽ എം.എൽ.എ ചൂണ്ടിക്കാട്ടി. നിലവിൽ ജില്ലാ പഞ്ചായത്ത് റോഡ് നന്നാക്കുന്നതിനായി ഫണ്ട് അനുവദിച്ചപ്പോഴാണ് വാട്ടർ അതോറിറ്റി എൻ.ഒ.സി നൽകാതെ ഒഴിഞ്ഞുമാറിയത്.