കൊച്ചി: കൊറോണ വൈറസ് രോഗ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമായി . നിലവിൽ കളമശേരി മെഡിക്കൽ കോളേജിൽ മൂന്ന് പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ നിന്നും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് നാല് സാമ്പിളുകൾ അയച്ചു.
കേന്ദ്ര സർക്കാർ ഫീൽഡ് പബ്ലിസിറ്റി വിഭാഗത്തിന്റെ സഹായത്തോടെ തേവര സേക്രഡ് ഹാർട്ട് കോളേജിൽ എൻ.എസ്.എസ് വാളന്റിയർമാർ, മൂവാറ്റുപുഴ മുനിസിപ്പൽ ജീവനക്കാർ, കൗൺസിലർമാർ എന്നിവർക്ക് കഴിഞ്ഞ ദിവസം ക്ലാസ് സംഘടിപ്പിച്ചു. അങ്കണവാടി ടീച്ചർമാർ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർക്കും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്. ടൂറിസ്റ്റുകളുമായി സഞ്ചരിക്കുന്ന ഡ്രൈവർമാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ നൽകി. ആർ.ടി.ഒ ഡ്രൈവർമാർക്ക് ശബ്ദരേഖ അയച്ചു. ചൈനീസ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ. കുട്ടപ്പന്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലിൽ ഹോങ്കോങ്ങിൽ നിന്നുള്ള ടൂറിസ്റ്റുകളെ സന്ദർശിച്ച് വിവരങ്ങൾ വിലയിരുത്തി.
ഫോൺവിളികൾ കുറയുന്നു
ജില്ലയിലെ കൊറോണ കൺട്രോൾ റൂമിലേക്ക് വരുന്ന ഫോൺ വിളികൾ കുറഞ്ഞു. ഇന്നലെ 63 കോളുകളാണ് ലഭിച്ചത്. വീട്ടിൽ നിരീക്ഷണത്തിലുള്ള ചിലർ പുറത്ത് നടക്കുന്നുണ്ട് എന്ന് അറിയിച്ചുള്ള വിളികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എയർപോർട്ടിലെ വരിയിൽ ചൈനക്കാരന്റെ പിന്നിലായി നിന്നത് പ്രശ്‌നമാണോ എന്ന് ചോദിച്ച് തൊണ്ടവേദന ഉള്ള ഒരാളും വിളിച്ചു.
ഡ്രൈവർമാർക്കുള്ള നിർദ്ദേശങ്ങൾ
വിദേശ യാത്ര കഴിഞ്ഞെത്തുന്ന യാത്രികരെ കൊണ്ട് പോകുന്ന ടാക്‌സിഡ്രൈവർമാർ മുൻകരുതൽ നടപടികൾ സ്വീകരിക്കണം
യാത്ര ചെയ്യുമ്പോൾ മാസ്‌ക് ഉപയോഗിക്കുക
ഇടയ്ക്കിടെ കൈകൾ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് ശുചിയാക്കുക
വാഹനത്തിന്റെ ഗ്ലാസ്സുകൾ ഇടയ്ക്ക് തുറന്ന് വായു സഞ്ചാരം ഉറപ്പ് വരുത്തുക
യാത്രക്കാർ സ്പർശിക്കാൻ സാദ്ധ്യത ഉള്ള ഭാഗങ്ങളും എല്ലാ ദിവസവും അണുനശീകരണ ലായനി ഉപയോഗിച്ച് വൃത്തിയാക്കണം
കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ
ചൈനയിൽ നിന്നെത്തിയ 12 പേരോട് വീടുകളിൽ കഴിയാൻ ആവശ്യപ്പെട്ടു.
18 പേരെ വീടുകളിൽ നിന്നുള്ള നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി.
327 പേർ ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലുള്ളത്.
ആരിലും രോഗലക്ഷണങ്ങളില്ല.