alen
അലൻ തോമസ്

കൊച്ചി: കെട്ടിച്ചമച്ച സംഭവം വിവരിച്ച് സെൽഫി വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ചാലക്കുടി ആളൂർ ചാതേരിൽ അലൻ തോമസിനെ (20) റെയിൽവേ പൊലീസിന്റെ സഹായത്തോടെ സെൻട്രൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾ എറണാകുളം രവിപുരത്തെ വിഷൻ സ്‌കൂൾ ഒഫ് ഏവിയേഷനിൽ വിദ്യാർത്ഥിയാണ്.

എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയിൽ ട്രെയിനിൽ വച്ച് യുവതിയെ അപമാനിച്ച മദ്ധ്യവയസ്‌കനെ കൈകാര്യം ചെയ്ത തന്നെ പൊലീസ് കേസിൽ കുടുക്കുമെന്നും നിജസ്ഥിതി ട്രെയിനിൽ നിന്നും ഇറങ്ങിപ്പോയ പെൺകുട്ടിക്കേ തെളിയിക്കാൻ കഴിയൂ എന്നും അതിനാൽ പെൺകുട്ടി അറിയുന്നതു വരെ വീഡിയോ ഷെയർ ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള സെൽഫി വീഡിയോയാണ് അലൻ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

വ്യാജ പ്രചാരണത്തിന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി, ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ, സൗത്ത് റെയിൽവേ എസ്.ഐ. അഭിലാഷ്, എസ്.ഐമാരായ തോമസ്, സാം രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.