കൊച്ചി: പൂർണസത്യത്തിൽ വിശ്വസിക്കുകയല്ല, അന്വേഷണം തുടരുകയാണ് വേണ്ടതെന്ന് പ്രൊഫ.എം.കെ. സാനു. അറിയുന്തോറും അറിവില്ലായ്മ എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാൻ കഴിയണം. എന്തെല്ലാം ഇനിയും അറിയാനുണ്ടെന്ന് മനസിലാക്കി വിനയവും കൈവരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സഹകരണ വകുപ്പും സാഹിത്യ പ്രവർത്തക സഹകരണ സംഘവും (എസ്.പി.സി.എസ്) സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയുടേയും വിജ്ഞാനോത്സവത്തിന്റെയും മൂന്നാം പതിപ്പ് കൊച്ചി മറൈൻഡ്രൈവിൽ ഡോ. എം ലീലാവതിയോടൊപ്പം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഴുത്തുകാർ നട്ടെല്ലുണ്ടെന്ന് കാണിക്കേണ്ട കാലമാണിതെന്ന് ഡോ. എം ലീലാവതി പറഞ്ഞു. അക്ഷരജ്ഞാനം കൊണ്ട് സ്വാതന്ത്ര്യം കാക്കാനാവുമോയെന്ന് ആശങ്ക തോന്നുന്ന കാലമാണിത്. നരേന്ദ്ര ദബോൽകർ, ഗോവിന്ദ് പൻസാരെ, കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവർക്ക് അറിവിന്റെ സ്വാതന്ത്ര്യം കാക്കാനായെങ്കിലും ജീവൻ നഷ്ടപ്പെട്ടു. സ്വാതന്ത്ര്യം സംരക്ഷിക്കാൻ പോകുമ്പോൾ ജീവൻ പോകുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും ലീലാവതി പറഞ്ഞു.
പ്രതിരോധ സാഹിത്യത്തിന് പ്രാധാന്യമുള്ള കാലമാണിതെന്ന് സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ഫെസ്റ്റിവൽ ഡയറക്ടർ സി. രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. എസ്.പി.സി.എസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും. വൈസ് പ്രസിഡന്റ് പി. സോമനാഥൻ നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തിനു മുമ്പുതന്നെ ആയിരക്കണക്കിനാളുകളാണ് കൃതി സന്ദർശിച്ചത്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പുസ്തകമേളയുടെ പ്രവർത്തന സമയം.