കൊച്ചി : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയന്റെ ഭരണത്തിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദ്ദേശിച്ചു. നിലവിലെ സ്ഥിതി എന്താണെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ അഡ്വ. സന്തോഷ് പൊതുവാളിനെ അഭിഭാഷക കമ്മിഷനായും സിംഗിൾബെഞ്ച് നിയോഗിച്ചു.
മാവേലിക്കര യൂണിയൻ പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയതിനെതിരെ മുൻ പ്രസിഡന്റ് സുഭാഷ് വാസു, സെക്രട്ടറി സുരേഷ് ബാബു എന്നിവർ നൽകിയ ഹർജിയിൽ കൊല്ലം പ്രിൻസിപ്പൽ സബ് കോടതി ഇവരെ തുടരാൻ അനുവദിച്ചിരുന്നു. മാവേലിക്കര യൂണിയന്റെ ഭരണത്തിൽ എസ്.എൻ.ഡി.പി യോഗം ഇടപെടരുതെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ അപ്പീൽ നൽകാൻ സാവകാശം തേടി യോഗം നൽകിയ അപേക്ഷയിൽ ഉത്തരവ് നടപ്പാക്കുന്നതിന് ഒരാഴ്ചത്തെ സ്റ്റേയും അനുവദിച്ചു. തുടർന്നാണ് യോഗം ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഇന്നലെ തങ്ങളുടെ വാദം അറിയിക്കാൻ എതിർഭാഗം കൂടുതൽ സമയം തേടി. അതുവരെ തൽസ്ഥിതി തുടരാൻ നിർദ്ദേശിക്കണമെന്ന് യോഗത്തിന്റെ അഭിഭാഷൻ രാജൻ ബാബു ആവശ്യപ്പെട്ടു. തുടർന്നാണ് യൂണിയന്റെ ഭരണത്തിൽ തൽസ്ഥിതി തുടരാൻ ഇടക്കാല ഉത്തരവു നൽകിയത്. ഇതിനിടെ യൂണിയന്റെ ഭരണം തങ്ങളുടെ കൈയിലായാണെന്ന് സുഭാഷ് വാസു വിഭാഗം അവകാശപ്പെട്ടു. കഴിഞ്ഞ ഡിസംബറിൽ യൂണിയൻ പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയെന്നും അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റ് നടപടി തുടങ്ങിയെന്നും യോഗത്തിന്റെ അഭിഭാഷകനും വ്യക്തമാക്കി. ഹർജി അടുത്തയാഴ്ചത്തേക്ക് മാറ്റി.