മൂവാറ്റുപുഴ:സംസ്ഥാന ബഡ്ജറ്റിൽ പ്രവർത്തന മൂലധനമായി 3 കോടി രൂപ വകയിരുത്തിയത് വാഴക്കുളം നടുക്കര അഗ്രോ ആന്റ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയ്ക്ക് പുതുജീവനേകും. കൃഷി വകുപ്പിന് കീഴിലെ കമ്പനി ഇപ്പോൾ പൂട്ടിയ സ്ഥിതിയിലാണ്.
തുക ലഭ്യമാകുന്നതോടെ കമ്പനിയുടെ പ്രശസ്തമായ ജൈവ് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം പുനരാരംഭിക്കാനാകും. നാല് കോടി മുടക്കി സജ്ജമാക്കുന്ന പെറ്റ് ബോട്ടിൽ പ്ലാന്റിൽ നിന്നും പുതിയ ജൂസ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും കഴിയും.
അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിനോ ശമ്പളവും മറ്റും നൽകുന്നതിനോ കഴിയാത്ത സ്ഥിതിയിൽ പൂട്ടിയ പോലെയാണ് കമ്പനി. ഒരു വർഷമായി ശമ്പളം നൽകിയിട്ട്. കഴിഞ്ഞ മാസം കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാറിൻറെ സാന്നിദ്ധ്യത്തിൽ എൽദോ എബ്രഹാം എം.എൽ.എ, കമ്പനി ചെയർമാൻ ഇ.കെ.ശിവൻ, മാനേജിംഗ് ഡയറക്ടർ എൽ.ഷിബുകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാ പദ്ധതികൾക്ക് രൂപം നൽകിയിരുന്നു.
യൂറോപ്യൻ യൂണിയന്റെ സഹായത്തോടെയാണ് നടുക്കര അഗ്രോ പ്രോസസിംഗ് കമ്പനി തുടങ്ങിയത്. കമ്പനിയുടെ ജൈവ് എന്ന പേരിലെ ജ്യൂസും മറ്റ് ഉത്പന്നങ്ങളും അന്താരാഷ്ട്ര വിപണിയിൽ വരെ സ്ഥാനം പിടിച്ചു. 2012 ലാണ് കർഷകരുടെ നിയന്ത്രണത്തിലുള്ള ഭരണ സമിതിയെ പിരിച്ച് വിട്ട് കമ്പനി സർക്കാർ ഏറ്റെടുത്തത്. ഇതോടെ തകർച്ചയും ആരംഭിച്ചു. 2012 മുതൽ 19 വരെ 10 കോടിയോളം നഷ്ടത്തിലാണ് കമ്പനി. കാലപ്പഴക്കം ചെന്ന മെഷിനറികളും മറ്റും കാര്യക്ഷമത കുറച്ചു.
ജലസേചന വകുപ്പിന്റെ ഹില്ലി അക്വ കുപ്പി വെള്ളത്തിന്റെ പ്ലാന്റ് സ്ഥാപിക്കുന്നതിനും പദ്ധതി ഒരുങ്ങുന്നുണ്ട്.
ജൈവ് കുപ്പിവെള്ളവും വിപണിയിലിറക്കാനിടയുണ്ട്.
പൈനാപ്പിൾ വൈൻ കമ്പനിയിൽ ഉൽപ്പാദിപ്പിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷി ചെയ്യുന്ന പ്രദേശമാണ് വാഴക്കുളം. ഡിമാന്റ് കുറയുമ്പോൾ പൈനാപ്പിൾ സംഭരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വാഴക്കുളം കമ്പനിയെയാണ് ആശ്രയിച്ചിരുന്നത്. കമ്പനി പ്രതിസന്ധിയിലായതോടെ പൈനാപ്പിൾ സംഭരണവും നിലച്ചു.