കൊച്ചി: രാജ്യത്തെ സ്റ്റാർട്ടപ്പുകൾ നിക്ഷേപ സമാഹരണത്തിന് ഓഹരി വിപണിയിലിറങ്ങണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ നിർദ്ദേശിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ കൊച്ചിയിൽ സംഘടിപ്പിച്ച സീഡിംഗ് കേരള 2020 നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പ്രമുഖ സ്റ്റാർട്ടപ്പുകളെല്ലാം വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലാണ്. ഇന്ത്യക്കാരുടെ പക്കൽ കമ്പനികളുടെ ഓഹരി ഉണ്ടാകണം. വ്യത്യസ്തമായ ആശയങ്ങളും സംരംഭങ്ങളുമാണ് രാജ്യത്തിന് വേണ്ടത്. ആമസോണിന്റെ ബിസിനസിനെ അലോസരപ്പെടുത്തുന്ന സാങ്കേതികവിദ്യയും ആശയവുമാണ് ഇന്ത്യയിലെ സംരംഭങ്ങൾ ഉന്നം വയ്‌ക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളിലെ പൂർവ വിദ്യാർത്ഥികളുടെ നിക്ഷേപ കൂട്ടായ്മ രൂപീകരിക്കുമെന്ന് സംസ്ഥാന ഇലക്ട്രോണിക്‌സ് ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. 36,000 കോടി രൂപയുടെ നിക്ഷേപസാദ്ധ്യതയാണ് സ്റ്റാർട്ടപ്പുകൾക്കുള്ളത്. അതിൽ പത്തു ശതമാനം ഉപയോഗിച്ചാൽ വലിയ മാറ്റം നിക്ഷേപ അന്തരീക്ഷത്തിൽ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.