abdul-salam
അബ്ദുൾ സലാം

കൊച്ചി: ലക്ഷദ്വീപിലേക്ക് ടൂർ വാഗ്ദാനംചെയ്‌ത് പട്ടാളക്കാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത അഗത്തി സ്വദേശി അബ്ദുൾ സലാമിനെ (45) കടവന്ത്ര പൊലീസ് അറസ്‌റ്റു ചെയ്‌തു.

അംഗീകൃത ഓപ്പറേറ്ററാണെന്ന് വെബ്‌സൈറ്റിലൂടെ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. നൂറിലധികം പേർ തട്ടിപ്പിനിരയായെന്ന് പൊലീസ് പറഞ്ഞു. 2019 ജനുവരിയിൽ സമാന തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ ആറു കേസുകൾ കടവന്ത്ര പൊലീസ് രജിസ്‌റ്റർ ചെയ്‌തു, അന്ന് അറസ്‌റ്റിലായെങ്കിലും പണം തിരിച്ചു കൊടുക്കാമെന്ന് കോടതിയിൽ സത്യവാങ്ങ്മൂലം എഴുതി നൽകി ജാമ്യത്തിൽ പോയി. പിന്നീട് വീണ്ടും തട്ടിപ്പ് നടത്തുകയായിരുന്നു. ഇത്തവണ വടക്കേ ഇന്ത്യക്കാരായ ഉയർന്ന പട്ടാള ഉദ്യോഗസ്ഥരെ തട്ടിപ്പിന് ഇരയാക്കി​..വടക്കേ ഇന്ത്യയിൽ നിന്നും കൊച്ചിയിലെത്തുമ്പോൾ ലക്ഷദ്വീപിലേക്കുള്ള ടിക്കറ്റ് കൈമാറാം എന്നാണ് വ്യവസ്ഥ. ഇവർ എത്തിക്കഴിയുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞു ടൂർ ക്യാൻസൽ ചെയ്യും. പിന്നീട് ഫോൺ സ്വിച്ച് ഒഫ് ചെയ്‌ത് മുങ്ങുന്നതാണ് രീതി. പണം മുൻകൂർ കൈപ്പറ്റിയിരിക്കും.തട്ടിപ്പിന് ഇരയായ അഞ്ചു പട്ടാള ഉദ്യോഗസ്ഥരുടെ പരാതിയിലാണ് ഇപ്പോഴത്തെ അറസ്‌റ്റ്. അസി.കമ്മിഷണർ കെ.ലാൽജി, കടവന്ത്ര എസ്.ഐ വിബിൻദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.