നഗരാസൂത്രണ സമിതി എൽ.ഡി.എഫിന്
കൊച്ചി: പരാജയ ഭീതി മൂലം കോർപ്പറേഷൻ സ്ഥിരം സമിതി അംഗങ്ങളുടെ ഒഴിവിലേക്ക് നടന്ന തിരഞ്ഞടുപ്പിൽ നിന്ന് യു.ഡി.എഫ് വിട്ടു നിന്നതോടെ വെള്ളിയാഴ്ച രണ്ടു സ്ഥിരം സമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
വികസനകാര്യം, നഗരാസൂത്രണം എന്നീ സ്ഥിരം സമിതികളിലെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഗ്രേസി ജോസഫ് ആണ് വികസനകാര്യ സമിതി അദ്ധ്യക്ഷ. അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പലവട്ടം നിർദേശം നൽകിയിട്ടും അനുസരിക്കാതെ വന്നതോടെയാണ് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അവിശ്വാസ പ്രമേയത്തിലൂടെ ഗ്രേസിയെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാനാണ് നേതൃത്വത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് വികസനകാര്യ സമിതിയിലെ രണ്ട് ഒഴിവുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിന്ന് യു.ഡി.എഫ് വിട്ടുനിന്നത്. എൽ.ഡി.എഫിലെ വി .ആർ. സിമിയും ബിന്ദുലെവിനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
# ഗ്രൂപ്പ് പോരിന്റെ ഇരയായി
ഷൈനി മാത്യു
നഗരാസൂത്രണ സമിതിയിലെ ഒരു ഒഴിവിലേക്കു നടന്ന വോട്ടെടുപ്പിലും യു.ഡി.എഫിൽ നിന്ന് ആരും മത്സരിച്ചില്ല. കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശം മാനിച്ച് ഈ സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം രാജിവച്ച ഷൈനി മാത്യു ഇപ്പോൾ ഒരു കമ്മിറ്റിയിലും അംഗമല്ലെങ്കിലും പാർട്ടിയിലെ അനൈക്യം മൂലം അവരും മത്സരത്തിൽ നിന്ന് വിട്ടു നിന്നു. എൽ.ഡി.എഫിലെ പി. എസ് പ്രകാശ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു . മത്സാരാർത്ഥികൾ ഇല്ലാതിരുന്നതിനാൽ നികുതികാര്യ അപ്പീൽ കമ്മിറ്റിയിലെ രണ്ട് ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നലെ നടന്നില്ല. നഗരാസൂത്രണ സമിതിയിലേക്ക് എൽ.ഡി.എഫിലെ രണ്ടുപേർ കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ ഈ സ്ഥിരംസമിതിയും യു.ഡി.എഫിന് നഷ്ടമാകും. നിലവിൽ എൽ.ഡി.എഫിന് ആറും യു.ഡി.എഫിന് മൂന്നും അംഗങ്ങളാണ് സമിതിയിൽ ഉള്ളത്.