കൂത്താട്ടുകുളം:കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിന്റെ സംരക്ഷണത്തിനായി സംസ്ഥാന ബജറ്റിൽ പണംഉൾപ്പെടുത്തിയത് ഭക്തരെയും നാട്ടുകാരെയും ആഹ്ളാദത്തിലാക്കി. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനു മാത്രമേ ഇതിനു മുമ്പ് പൊതു ഖജനാവിൽ നിന്നും പണം ചിലവഴിച്ചിട്ടുള്ളൂ.
തീർത്തും വ്യത്യസ്തമാണ് കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിന്റെ സ്ഥിതി. ഇവിടുത്തെ അത്യപൂർവ്വമായ ശിൽപ്പങ്ങളും കൊത്തുപണികളും ചുമർ ചിത്രങ്ങളും അടിയന്തിരമായി സംരക്ഷിക്കണമെന്ന് സംസ്ഥാന പുരാവസ്തുവകുപ്പ് നേരത്തെ തന്നെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. സമാനമായ കൊത്തുപണികൾ നിറഞ്ഞ ക്ഷേത്രം കേരളത്തിൽ വേറെയില്ലെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കിയിരുന്നു.
മാത്രമല്ല കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ നാഷണൽ കൾച്ചറൽ ഫണ്ടിന്റെ അംഗീകാരമുള്ള കേരളത്തിലെ മൂന്നു ക്ഷേത്രങ്ങളിലൊന്നും കൂത്താട്ടുകുളം മഹാദേവ ക്ഷേത്രമാണ്. ഇവയെല്ലാം പരിഗണിച്ചാണ് ക്ഷേത്ര സംരക്ഷണത്തിന് പണം മാറ്റി വെക്കാൻ സർക്കാർ തയ്യാറായത്. ക്ഷേത്രത്തിന്റെ ഉടമസ്ഥതാവകാശമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിനാകും ഈ പണം കൈമാറുക. ബോർഡിന്റെ നേതൃത്വത്തിലായിരിക്കും തുടർ നടപടികൾ.
സംസ്ഥാനത്തിന്റെ നികുതി പണത്തിന്റെ സഹായത്തോടെ കൂത്താട്ടുകുളം ക്ഷേത്രം സംരക്ഷിക്കപ്പെടുമ്പോൾ സംഭവിക്കുന്നത് ചരിത്രത്തിന്റെ തനിയാവർത്തനം . 1750 ൽ കൂത്താട്ടുകുളം ഉൾപ്പെടുന്ന പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമായ ശേഷം രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ഖജനാവിലെ പണം കൊണ്ടാണ് മഹാദേവ ക്ഷേത്രത്തിൽ ഇതിനു മുമ്പ് വലിയ നിർമ്മാണ പ്രവർത്തനം നടത്തിയത്. ഇതിന്റെ രേഖകൾ ഇപ്പോഴും കവടിയാർ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് 270 വർഷങ്ങൾക്ക് ശേഷം ചരിത്രം ഒന്നു കൂടി ആവർത്തിക്കുന്നു.