കൊച്ചി : പാലാരിവട്ടം ഹെസ്റ്റിയ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഭിന്നശേഷിക്കാരായ 16 കുട്ടികളെ ഉപേക്ഷിച്ച് വാർഡ് പൂട്ടിയ സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. കുട്ടികൾക്ക് ചികിത്സാ സഹായം ഉറപ്പാക്കാൻ ഇവിടേക്ക് ഒരു ഡോക്ടറെ നിയോഗിക്കാൻ എറണാകുളം ജില്ലാ ആശുപത്രി സൂപ്രണ്ടിന് സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. പ്രശ്ന പരിഹാരത്തിനായി ജില്ലാ കളക്ടർ ഫെബ്രുവരി പത്തിന് ചർച്ച നടത്തുന്ന സാഹചര്യത്തിൽ ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി വാർഡിൽ കഴിയുന്ന കുട്ടികൾക്കും ഇവരുടെ രക്ഷിതാക്കൾക്കും ഫെബ്രുവരി പത്തു വരെ ഭക്ഷണം നൽകാമെന്ന് ഹൈക്കോടതിയിലെ അഭിഭാഷക സംഘടനയും അറിയിച്ചു. ഹർജി ഫെബ്രുവരി 11 നു പരിഗണിക്കാൻ മാറ്റി.

2019 ഒക്ടോബറിൽ നടത്തിയ മെഡിക്കൽ ക്യാമ്പിനെത്തുടർന്നു കണ്ടെത്തിയ ഭിന്നശേഷിക്കാരായ 16 കുട്ടികളെയാണ് പാലാരിവട്ടം ഹെസ്റ്റിയ ആശുപത്രയിൽ ചികിത്സ വാഗ്ദാനം ചെയ്ത് പ്രവേശിപ്പിച്ചത്. ഫെബ്രുവരി ആറിന് കുട്ടികളുമായി ഒഴിഞ്ഞുപോകാൻ രക്ഷിതാക്കൾക്ക് ആശുപത്രി അധികൃതർ നോട്ടീസ് നൽകി. വാർഡിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. ദുരിതാവസ്ഥയിലായ കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ ഇന്നലെ പുറത്തു വന്നു. തുടർന്ന് കേരള ലീഗൽ സർവീസ് അതോറിറ്റിയും മാനസികാരോഗ്യ വിഷയങ്ങളിൽ ഹൈക്കോടതി നിയോഗിച്ചിട്ടുള്ള അമിക്കസ് ക്യൂറിയും ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് സിംഗിൾബെഞ്ച് ഹർജി പരിഗണിച്ചത്. ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടലിനെത്തുടർന്ന് വൈദ്യുതി പുന: സ്ഥാപിച്ചു. പിന്നീട് കളക്ടർ ഇടപെട്ട് വൈദ്യുതിയും വെള്ളവും മുടങ്ങരുതെന്ന് നിർദ്ദേശവും നൽകി. കുട്ടികളുടെ പേരിൽ പല ഏജൻസികളിൽ നിന്നും ഫണ്ടു വാങ്ങിയശേഷം മതിയായ ചികിത്സയോ സഹായമോ നൽകാതെ ഇവരെ ഒഴിവാക്കാനാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നതെന്ന് കാണിച്ച് രക്ഷിതാക്കൾ ലീഗൽ സർവീസ് അതോറിറ്റിക്ക് പരാതി നൽകിയിരുന്നു.