കൊച്ചി : പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്താൻ അനുമതി തേടി ദേവസ്വം ഭാരവാഹികൾ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ദേവസ്വം ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. വെടിക്കെട്ട് നടത്താൻ കഴിഞ്ഞ ഡിസംബർ 26 ന് ജില്ലാ കളക്ടർക്ക് അനുമതി അപേക്ഷ നൽകിയെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പുതിയകാവ് ഭഗവതി ദേവസ്വം പ്രസിഡന്റ് അനിൽ കുമാർ നൽകിയ ഹർജിയിൽ പറയുന്നു. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിനുശേഷം അധികൃതർ വെടിക്കെട്ടിനുള്ള അപേക്ഷകളിൽ തീരുമാനമെടുക്കുന്നില്ലെന്നും അവസാന നിമിഷം അനുമതി നിഷേധിച്ച് ഉത്തരവിറക്കുകയാണ് ചെയ്യുന്നതെന്നും ഹർജിക്കാർ ആരോപിക്കുന്നു. ഫെബ്രുവരി 23 മുതൽ 29 വരെയാണ് പുതിയകാവ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്. വെടിക്കെട്ടിന് അനുമതി തേടിയുള്ള അപേക്ഷയിൽ ഫെബ്രുവരി 15 ന് മുമ്പെങ്കിലും തീരുമാനമെടുക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.