കൊച്ചി : ശ്രീലങ്കൻ തുറമുഖത്തെ കൊളംബോ ഡോക്ക്‌യാർഡ് കമ്പനിക്ക് 78 ലക്ഷത്തോളം രൂപ കുടിശിക ഉണ്ടെന്ന പരാതിയിൽ എം.ടി. ഹൻസപ്രേം എന്ന ഇന്ത്യൻ കപ്പൽ തടഞ്ഞിടാൻ ഹൈക്കോടതി ഇടക്കാല ഉത്തരവു നൽകി. കോസ്റ്റൽ പൊലീസിന് കപ്പൽ അറസ്റ്റ് ചെയ്യാമെന്നും ആവശ്യമെങ്കിൽ മറൈൻ മർക്കന്റൈൽ ഡിപ്പാർട്ട്മെന്റിന്റെയും തീരസംരക്ഷണ സേനയുടെയും സഹായം തേടാമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. കുടിശികത്തുക ഹൈക്കോടതിയിൽ കെട്ടിവെക്കുന്നതു വരെ കപ്പൽ കൊച്ചി തുറമുഖ പരിധിയിലെ സമുദ്രാതിർത്തിയിൽ കിടക്കുന്ന കപ്പൽ തടഞ്ഞുവെക്കാൻ കൊച്ചി പോർട്ടിലെ ഡെപ്യൂട്ടി കൺസർവേറ്റർക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കപ്പൽ തങ്ങളുടെ അധികാര പരിധിക്ക് പുറത്താണെന്നും തടഞ്ഞിടാൻ കഴിയില്ലെന്നും പോർട്ട് അധികൃതർ വ്യക്തമാക്കിയതോടെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.