കൊച്ചി: കൃതിയുടെ രണ്ടാം ദിനം തന്നെ വായനക്കാരൻ കൂടിയായ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശകനായി എത്തി. കൃതിയിലെ ഓരോ സ്റ്റാളും ചുറ്റി നടന്നു കണ്ട ഗവർണർ തന്നെ അനുഗമിച്ച സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. വിദ്യാർത്ഥികളെ കൃതി സന്ദർശിക്കാനും പുസ്തകങ്ങൾ വാങ്ങിപ്പിക്കാനും പ്രേരിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി അഭിനന്ദനാർഹമാണെന്നും വായനയുടെ സംസ്കാരത്തെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കാൻ കൃതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സന്ദർശക പുസ്തകത്തിൽ കുറിച്ചു.

സാഹിത്യകാരന്മാർ രൂപീകരിച്ച, 75 വർഷം പൂർത്തിയാക്കിയ, സഹകരണ സംഘം നിലവിലുണ്ടെന്നത് തന്നെ അത്ഭുതപ്പെടുത്തിയതായി ഗവർണർ പ്രതികരിച്ചു. മലയാളത്തിനപ്പുറം മറ്റ് ഇന്ത്യൻ ഭാഷകളിലെ രചനകൾക്കും സാഹിത്യോത്സവത്തിൽ പ്രാധാന്യം ലഭിച്ചിട്ടുണ്ടെന്നതും അഭിനന്ദനാർഹമായ കാര്യമാണ്.

രണ്ടാം ദിനമായ ഇന്നലെ 30,000ത്തിലേറെ ആളുകൾ കൃതി സന്ദർശിച്ചതായി സംഘാടകരായ സാഹിത്യ പ്രവർത്തക സഹകരണ സംഘം അറിയിച്ചു. ഏറെ ചൂടുള്ള രാപ്പകലുകൾക്കൊടുവിൽ അടുപ്പിച്ച് രണ്ടു ദിവസം പെയ്ത രാത്രിമഴയുമായെത്തിയ കൃതി വലിയ ആവേശമാണ് നഗരവാസികൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ദിവസേന വൈകീട്ട് അരങ്ങേറുന്ന കലാപരിപാടികളും കൂടിയാവുമ്പോൾ രാത്രി വൈകിയും നഗരത്തെ സജീവമാക്കുന്ന ഉത്സവമായി മാറി കൃതി. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.