കൊച്ചി: മലയാളത്തിൽ അടുത്തകാലത്ത് ഏറ്റവും ചർച്ചാവിഷയമായ നോവലാണ് അജയ്. പി .മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര. മറൈൻഡ്രൈവിൽ കൃതി പുസ്തകമേളയോടനുബന്ധിച്ച് നടക്കുന്ന ഫുഡ്ഫെസ്റ്റിലും ഈ പുസ്തകമെത്തി, സൂസന്നയുടെ ഊട്ടുപുര എന്ന ഭക്ഷണശാലയായി.
പുത്തൻ ഹിറ്റ് നോവലുകളിലൊന്നാണ് ലാജോ ജോസിന്റെ റൂത്തിന്റെ ലോകം. അതിനെയും ഫുഡ് ഫെസ്റ്റ് ട്രോളിയിട്ടുണ്ട്. ജ്യൂസ് കടയുടെ പേര് ജ്യൂസിന്റെ ലോകം. കേറി വരുമ്പോൾ തന്നെ ഒ.വി വിജയന്റെ വിഖ്യാതമായ ചെറുകഥയാണ് ആസ്വാദകരെ കാത്തിരിക്കുന്നത് 'കടൽത്തീരത്ത്'. 'ഇട്ടിക്കോരാ'സ് തട്ടുകടയിലാണ് എപ്പോഴും തിരക്കുള്ളത്. ഫ്രാൻസിസ് ഇട്ടിക്കോരയുടെ കഥാകാരാനായ ടി ഡി രാമകൃഷ്ണൻ ഇതൊക്കെ അറിയുന്നുണ്ടാവുമോ എന്തോ ?
പിന്നെയുള്ളത് മുംബൈ മസാല, നാടൻ പ്രേമം... എന്താണ് വിളമ്പുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലാത്ത പേരുകൾ. ഒപ്പം കേരളം നെഞ്ചേറ്റു വാങ്ങിയ രാഷ്ട്രീയ പുസ്തകത്തിന്റെ ഓർമയുമുണ്ട് കിച്ചൻ മാനിഫെസ്റ്റോ. ബഷീറിനെ മറന്നു എന്ന് പരാതിപ്പെടാൻ വരുന്നവരുടെ വായടപ്പിക്കുന്നതാണ് വിശ്വവിഖ്യാതമായ കറികളെങ്കിൽ ബെന്യാമിന്റെ അൽ അറേബ്യൻ നോവൽ ഫാക്ടറി ഇവിടെ അൽ അറേബ്യൻ ടേസ്റ്റ് ഫാക്ടറിയാണ്. വിളമ്പുന്ന വിഭവങ്ങൾ, യെസ്, അറേബ്യൻ തന്നെ.
ഇടങ്ങഴി അരിയുടെ ചോറുണ്ണുന്നവർ ഇക്കാലത്തുണ്ടാവില്ലായിരിക്കാം, എന്നാൽ രണ്ടിടങ്ങഴി എന്ന പേരുള്ള ഔട്ട്‌ലെറ്റിൽ എന്താണുണ്ടാവുകയെന്ന് അരിയാഹാരം കഴിക്കുന്നവരോട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. കൃതി വിളമ്പി വെച്ച ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ ലോകത്തു കറങ്ങി നടന്ന് ക്ഷീണിച്ചെന്നോ, എങ്കിൽ വരൂ ഈ ബെസ്റ്റ് സെല്ലറുകളുടെ ലോകത്തേയ്ക്ക്.