കൊച്ചി: കൊച്ചിയിലെ കൊള്ളാവുന്ന ബോട്ടുകൾ മറ്റു ജില്ലകളിലേക്ക് കടത്തുന്നതായി യാത്രക്കാരുടെ പരാതി. എസ് -28 ബോട്ട് ആണ് ഏറ്റവും ഒടുവിൽ ഇവിടെ നിന്ന് നഷ്ടമായത്. എറണാകുളം ബോട്ട് ജെട്ടി ഇപ്പോൾ ബോട്ടുകളുടെ ശവപറമ്പായി മാറിയിരിക്കുകയാണ്. നല്ല ബോട്ടുകളെല്ളാം ഉദ്യോഗസ്ഥർ പാണാവള്ളിയിലേക്കും വൈക്കത്തേക്കും കടത്തും. പകരം കേടായതും പഴക്കമുള്ളതും റിവേഴ്‌സ് ഗിയർ ഇല്ലാത്തതുമായ ബോട്ടുകൾ ഇവിടെ ഓടിക്കുമെന്ന് പശ്ചിമകൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. ബോട്ടുകൾ അടുപ്പിക്കാൻ കഴിയുന്നില്ലെന്ന ന്യായം പറഞ്ഞ് 2018 സെപ്തംബർ 14 മുതൽ മട്ടാഞ്ചേരിയിലേക്കുള്ള സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ചെളി നീക്കുന്നതിനായി ഡ്രഡ്‌ജിംഗ് നടത്താമെന്ന സർക്കാരിന്റെ വാഗ്‌ദാനം നടപ്പായില്ല. എറണാകുളം - ഫോർട്ടുകൊച്ചി റൂട്ടിൽ 61 ട്രിപ്പുകൾ നടത്താമെന്ന് 2017 ൽ മന്ത്രിതലത്തിൽ നടന്ന യോഗം തീരുമാനിച്ചുവെങ്കിലും ഇപ്പോഴും 46 ൽ തന്നെ വട്ടം ചുറ്റുകയാണ്. ബോട്ടുയാത്രക്കാരുടെ ജീവനും സുരക്ഷയ്ക്കും പ്രാധാന്യം നൽകണമെന്ന് അസോസിയേഷൻ സെക്രട്ടറി എസ്. പത്മനാഭ മല്യ, പ്രസിഡന്റ് എം.എം.അബ്ബാസ് എന്നിവർ ആവശ്യപ്പെട്ടു.

# പകരം ബോട്ട് എത്തിച്ചെന്ന് ഉദ്യോഗസ്ഥർ

ജലഗതാഗത വകുപ്പ് എറണാകുളം മേഖലയുടെ കീഴിൽ കൊച്ചിക്ക് പുറമെ വൈക്കം, പാണാവള്ളി, കണ്ണൂർ പറശിനിക്കടവ്, പയ്യന്നൂർ ജെട്ടികളും ഉൾപ്പെടും. എവിടെയെങ്കിലും ബോട്ടിന്റെ കുറവുണ്ടെങ്കിൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരികയാണ് പതിവ്. പാണാവള്ളി എറപ്പുഴ - സൗത്ത് പറവൂർ റൂട്ടിലെ പഴഞ്ചൻ ബോട്ടുമായുള്ള സർവീസ് അസാദ്ധ്യമായ ഘട്ടത്തിലാണ് എസ് -28 നെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ അങ്ങോട്ട് കടത്തിയത്. അന്നു വൈകിട്ട് തന്നെ ഇതിനു പകരമായി എസ് 57 നെ ഇവിടെയെത്തിച്ചു. പിറ്റേന്ന് മുതൽ ഇതു സർവീസ് ആരംഭിച്ചുവെന്നും ജലഗതാഗത വകുപ്പ് വക്താവ് പറഞ്ഞു.

# ബോട്ടുകൾക്കും പരിശോധന

മൂന്നു വർഷം കൂടുമ്പോൾ ബോട്ടുകൾ കരയ്ക്ക് കയറ്റും. അറ്റകുറ്റപ്പണി തീർത്താണ് വീണ്ടും വെള്ളത്തിലിറക്കുന്നത്. ലവണാംശം കൂടുതലായതിനാൽ ആറു മാസത്തിനുള്ളിൽ പുതിയ ബോട്ടിനും തുരുമ്പെടുക്കും. പെയിന്റടിക്കുകയല്ലാതെ ഇതിന് വേറെ പരിഹാരം ഒന്നുമില്ല. സർവേ സർട്ടിഫിക്കറ്റുള്ള ബോട്ടുകളിൽ ധൈര്യമായി യാത്ര ചെയ്യാമെന്ന് അധികൃതർ ഉറപ്പു നൽകുന്നു.

# ഷൂട്ടിംഗിന് തിരക്കേറുന്നു

സിനിമ,പരസ്യ പ്രവർത്തകർ മാത്രമല്ല സേവ് എ ഡേറ്റുകാരും ഷൂട്ടിംഗിനായി ജെട്ടിയിലേക്ക് വന്നുതുടങ്ങിയതോടെ ജലഗതാഗത വകുപ്പിന് ശുക്രദശയാണ്. ഒരു ബോട്ടും അതിലെ ജീവനക്കാരെയുമാണ് ഷൂട്ടിംഗിനായി വിട്ടുകൊടുക്കുന്നത്. ഒരു ദിവസത്തെ ഷൂട്ടിംഗിന് 70000 രൂപയാണ് നിരക്ക്. ബോട്ടിന് 60000 രൂപയും ജെട്ടിക്ക് 10000 രൂപയും വാടകയായി നൽകിയാൽ ആർക്കും ഏതു ജെട്ടിയിലും ഷൂട്ടിംഗ് നടത്താം. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അവധി ദിവസങ്ങളിൽ പൊതുവേ ഷൂട്ടിംഗ് അനുവദിക്കില്ല