കൊച്ചി: പുസ്തകങ്ങൾക്കൊപ്പം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളും കലാസൃഷ്ടികളുമായി എറണാകുളം ഓട്ടിസം ക്ലബ്ബ് ഇത്തവണയും കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സജീവ സാന്നിദ്ധ്യമാകുന്നു. ഓട്ടിസം ബാധിച്ച കുട്ടികളും യുവാക്കളും രചിച്ച പുസ്തകങ്ങൾ ക്ലബ്ബിന്റെ സ്റ്റാളിൽ ലഭ്യമാണ്. ഒപ്പം ഓട്ടിസ്റ്റിക് ആയ കുട്ടികളുടെ മാതാപിതാക്കളുടെ രചനകളും ഓട്ടിസത്തെക്കുറിച്ചുള്ള പുസ്തകങ്ങളും സ്റ്റാളിലുണ്ട്.
കൃതി പോലൊരു വേദി ലഭിച്ചതിലൂടെ ഓട്ടിസത്തെക്കുറിച്ച് വലിയൊരു അവബോധം സമൂഹത്തിൽ സൃഷ്ടിക്കാൻ കഴിയുമെന്ന് ഓട്ടിസം ക്ലബ്ബ് അധികൃതർ പറയുന്നത്. രണ്ടാം തവണയാണ് ക്ലബ്ബ് കൃതിയിൽ പങ്കാളികളാവുന്നത്. കൃതിയിൽ നിന്നും ആദ്യ തവണ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഉപദേശക സമിതി അംഗം ദീപ്തി മാത്യൂസ് പറഞ്ഞു. വിശേഷിച്ചും കുട്ടികൾക്ക് ഈ വേദി വലിയ അനുഗ്രഹമാണ്. സംസാരിക്കുന്നതടക്കമുള്ള ആശയവിനിമയത്തിൽ ഓട്ടിസം ബാധിതർക്ക് ബുദ്ധിമുട്ടുകളുണ്ട്. എന്നാൽ എഴുത്തിലൂടെയോ കലാപ്രവർത്തനങ്ങളിലൂടെയോ ആശയങ്ങളെ ആവിഷ്‌കരിക്കാൻ മിടുക്കുള്ള ധാരാളംപേരുണ്ട്. ഓട്ടിസം ബാധിച്ചവരുടെ കഥകളും കവിതകളും അടക്കമുള്ള സാഹിത്യ രചനകൾ പ്രസിദ്ധീകരിക്കുന്നതിന് ഓട്ടിസം ക്ലബ്ബ് മുൻകൈയെടുക്കുന്നു. ഓട്ടിസ് വോയ്‌സ് എന്ന മാസികയും ക്ലബ്ബ് പ്രസിദ്ധീകരിക്കുന്നു. ദീപ്തി മാത്യൂസ് പറഞ്ഞു. പുസ്തകങ്ങൾക്കു പുറമേ കടലാസ് പേനകളും തുണികൊണ്ടുള്ള ബാഗുകളുമടക്കമുള്ള പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളും സ്റ്റാളിലുണ്ട്. കൃതിയുടെ ഭാഗമായി ഓട്ടിസം ക്ലബ്ബ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയായ സ്‌പെക്ട്രം സ്‌പെക്ടക്കിൾ 15ന് നടക്കും. ഓട്ടിസം ബാധിതരായവർ തന്നെ എഴുതി സംഗീതം ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് സ്‌പെക്ട്രം സ്‌പെക്ടക്കിളിലുണ്ടാവുകയെന്ന് ക്ലബ്ബ് അധികൃതർ പറഞ്ഞു.