case-diary

കൊച്ചി: ലക്ഷദ്വീപ് ടൂറിന്റെ പേരിൽ പട്ടാളക്കാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയായ അഗത്തി സ്വദേശി അബ്ദുൾ സലാമിനായി (45)​ ഒരു ഉന്നതൻ ഇടപെട്ടതായി സൂചന. ഒരു വർഷത്തിനിടെ അമ്പതോളം പേരെ ഇയാൾ കെണിയിലാക്കിയിട്ടുണ്ട്. ഇയാൾക്കായി അണിയറയിൽ ചരടുവലിക്കുന്ന ഉന്നതൻ ആരെന്നന്ന് പൊലീസ് രഹസ്യമായി അന്വേഷിക്കുന്നതായാണ് അറിയുന്നത്. കഴിഞ്ഞ ദിവസമാണ് അബ്ദുൽ സലാം പൊലീസിന്റെ പിടിയിലായത്.

അബ്ദുവിന്റെ ടൂർ തട്ടിപ്പ് !
ലക്ഷദ്വീപ് യാത്രയ്ക്കായി ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ വെബ് സൈറ്റ് പരിശോധിച്ചാൽ ആദ്യം മുന്നിൽ എത്തുക അബ്ദു തയ്യാറാക്കിയ വ്യാജ വെബ് സൈറ്റായിരിക്കും. ലക്ഷദ്വീപ് ടൂറിസം വെബ് സൈറ്റിനോട് സമാനമായി നിർമ്മിച്ച സൈറ്റ് കണ്ടാൽ യഥാർത്ഥ്യമെന്നേ തോന്നൂ. ഇത് മറയാക്കിയാണ് പട്ടാളക്കാരെയടക്കം കബളിപ്പിച്ച് പണം തട്ടിയത്. കുറഞ്ഞ നിരക്കിൽ യാത്ര വാഗ്ദാനം ചെയ്താണ് ആളുകളെ വരുതിയിലാക്കുന്നത്. ലക്ഷദ്വീപ് സന്ദർശനത്തിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അടക്കം വേണം. ഇതെല്ലാം അബ്ദു നേരിട്ട് ഇടപെട്ട് ക്ലീയർ ആക്കി നൽകിയിരുന്നു. സൗമ്യമായ പെരുമാറ്റമാണ് ആളുകളെ കുഴിയിൽ വീഴ്ത്താൻ ഉപയോഗിച്ചിരുന്നത്.

ലക്ഷദ്വീപിലേക്ക് ടൂർ നടത്തുന്നതിനുള്ള അംഗീകൃത ഓപ്പറേറ്റർ ആണെന്നും ഇയാൾ സൈറ്റിൽ പരസ്യം നൽകിയിരുന്നു. ടൂറിനുള്ള പണം ഈടാക്കിയ ശേഷം ടിക്കറ്റ് കൊച്ചിയിൽ എത്തുമ്പോൾ നൽകാമെന്ന് പറയുകയും സഞ്ചാരികൾ കുടുംബവുമായി എത്തുമ്പോൾ ടൂർ റദ്ദാക്കിയെന്നു പറഞ്ഞ് ഇയാൾ ഫോൺ ഓഫ് ചെയ്തു മുങ്ങുകയുമാണ് ചെയ്യുന്നത്.
കഴിഞ്ഞ വർഷം ജനുവരിയിലാണ് അബ്ദു ആദ്യം പൊലീസിന്റെ വലയിലായത്. അന്ന് ഇയാളുടെ പേരിൽ ആറോളം കേസ് എടുക്കുകയും ചെയ്തു. നിരവധി പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പണം തിരിച്ചുകൊടുക്കാം എന്ന് സത്യവാങ്മൂലം എഴുതി നൽകി ജാമ്യത്തിൽ പോവുകയായിരുന്നു. ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പ് തുടർന്നു. നൂറോളം പേരിൽ നിന്നായി ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. എറണാകുളം എ.സി.പി കെ. ലാൽജിയുടെ നേതൃത്വത്തിൽ കടവന്ത്ര എസ്.ഐ വിബിൻ ദാസ്, എ.എസ്.ഐ സന്തോഷ്‌കുമാർ, സി.പി.ഒ. മാരായ പി.ജി. അനിൽ, ബി. ഉണ്ണിക്കൃഷ്ണൻ, കെ.എം. മനോജ് എന്നിവർ ചേർന്നാണ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.