കൊച്ചി: ചൈനയിൽ നിന്ന് കൊച്ചിയിലെത്തിയ 15 വിദ്യാർത്ഥികൾക്ക് കൊറോണ രോഗലക്ഷണങ്ങളില്ലെന്ന് കൊച്ചി മെഡിക്കൽ കോളേജിലെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ഇവിടെ വിദ്യാർത്ഥികളെ പരിശോധിക്കാനും നിരീക്ഷിക്കാനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
ശനിയാഴ്ച രാത്രി 12.30 ന് ആറ് ആംബുലൻസുകളുടെ നിര ഹെൽത്ത് ഓഫീസർ എൻ. ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പ്രധാന കവാടം ഒഴിവാക്കി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ യൂണിറ്റിലേക്കെത്തിയത്. സ്വീകരിക്കാൻ പേഴ്‌സണൽ പ്രൊട്ടക്ഷൻ സ്യൂട്ട് അണിഞ്ഞ 60 അംഗ സംഘം. ഏഴു നിലകളിലായി പ്രവർത്തിക്കുന്ന ഐസൊലേഷൻ യൂണിറ്റിലെ ചെറു ചലനങ്ങൾ പോലും സി.സി.ടി.വി മോണിറ്റർ വഴി സൂക്ഷ്മമായി നിരീക്ഷിച്ച് കൺട്രോൾ റൂം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ എറണാകുളം മെഡിക്കൽ കോളേജിൽ നടന്നത് ചടുലമായ ചലനങ്ങളാണ്.
കൊറോണ ആശങ്കയുമായി ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ 15 വിദ്യാർത്ഥികളുടെ പരിശോധനയാണ് കൃത്യമായ ആസൂത്രണത്തോടെ അതിവേഗം പൂർത്തിയാക്കിയത്.
ഇന്നലെ പുലർച്ചെ ഐസൊലേഷൻ യൂണിറ്റിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളുടെ തൊണ്ടയിലെ സ്രവ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. പരിശോധന ഫലം രണ്ടുദിവസത്തിനകം ലഭിക്കും. രോഗലക്ഷണങ്ങളില്ലാത്തതിനെ തുടർന്ന് എല്ലാവരെയും ബന്ധുക്കൾക്കൊപ്പം വിട്ടു. ഇവർ 28 ദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയണം.