കോലഞ്ചേരി: ചെറു നാരങ്ങയ്ക്ക് അങ്ങനെ പേരിനൊത്ത വിലയായി! ചെറിയ വില! കിലോയ്ക്ക് വെറും 40 രൂപ. ഒരുമാസം മുമ്പുവരെ കിലോയ്ക്ക് 250 രൂപയായിരുന്നു.
തമിഴ്‌നാട്ടിലെ ചെങ്കോട്ട, പുളിയൻകുടി, ചുരണ്ട എന്നിവിടങ്ങളിൽ നിന്നാണ് ചെറു നാരങ്ങ കേരളത്തിൽ എത്തുന്നത്. തമിഴ്‌നാട്ടിൽ വില കുത്തനെ കുറഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. സീസണില്ലാതെ, എക്കാലത്തും തമിഴ്‌നാട്ടിൽ ചെറുനാരങ്ങ വിളയും.
വേനൽ കടുത്ത വേളയിൽ, ചെറുനാരങ്ങാ വില കുറഞ്ഞത് വഴിയോരങ്ങളിലെ ശീതളപാനീയ കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ആശ്വാസമാണ്. വില കുറവായതിനാൽ കച്ചവടം പൊടിപൊടിക്കും. കല്യാണപാർട്ടികൾക്കും ചെറുനാരങ്ങയുടെ ചെറിയവില നേട്ടമാണ്.