ആലുവ: മുപ്പത്തടത്ത് ജനവാസ മേഖലയിൽ ടാർ മിക്‌സിങ്ങ് യൂണിറ്റ് ആരംഭിക്കുന്നതിന് അനുമതി നൽകിയ ജില്ലാ വ്യവസായ കേന്ദ്രത്തിനെതിരെ രാഷ്ട്രീയം മറന്ന് പ്രതിഷേധം .ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ പ്രകടനവും യോഗവും നടന്നു. യാതൊരു പരിശോധനയും നടത്താതെയാണ് പൊലൂഷൻ കൺട്രോൾ ബോർഡ് അനുമതി നൽകിയതെന്നാണ് സമരക്കാർ പറഞ്ഞു.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ് പ്രതിനിധാനം ചെയ്യുന്ന 16 -ാം വാർഡിൽ ചെറുകിട വ്യവസായ മേഖലയിലാണ് പഞ്ചായത്തിന്റെ ലൈസൻസ് വാങ്ങാതെ രണ്ടാഴ്ച്ച മുമ്പ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. വ്യവസായ കേന്ദ്രത്തിന് കീഴിലുള്ള 40 സെന്റ് സ്ഥലവും സമീപത്തെ കാച്ചപ്പിള്ളി പാടശേഖരത്തിലെ 78 സെന്റ് സ്ഥലം നികത്തിയെടുത്ത സ്ഥലത്തുമാണ് മൂവാറ്റുപുഴ സ്വദേശിയുടെ നേതൃത്വത്തിൽ സ്ഥാപനം ആരംഭിച്ചതെന്ന് പറയുന്നു. ദിവസേന 20 മുതൽ 30 വരെ ടോറസ് ലോറിയിൽ ലോഡ് കയറി പോകുന്നുണ്ട്. രാത്രിയും പകലുമെന്നോണം മെറ്റലും ടാറും തമ്മിൽ മിക്സ് ചെയ്യുന്ന പ്രവർത്തനമാണ് നടക്കുന്നത്. ടാർ മിശ്രിതത്തിന്റെ ദുർഗന്ധവും മെറ്റൽ പൊടിയും കിലോമീറ്ററുകൾ അകലത്തിൽ വരെ പറക്കുകയാണ്.
കുട്ടികൾക്കും മുതിർന്നവർക്കും ചുമ, ശ്വാസതടസം, തലകറക്കം എന്നിവ അനുഭവപ്പെടുന്നു. സ്ഥാപനത്തിന്റെ പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട്നടന്ന പ്രകടനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ്, വൈസ് പ്രസിഡന്റ് സി.ജി. വേണു, ബ്ളോക്ക് പഞ്ചായത്ത് അംഗം ടി.കെ. ഷാജഹാൻ, മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. ശശി, മെമ്പർ എം.എം. ആന്റണി, സമരസമിതി കൺവീനർ എ.എസ്. രഞ്ചൻ, ജോയിന്റ് കൺവീനർമാരായ അനിൽ അഷറഫ്, കെ.പി. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
കോൺഗ്രസ്സ് കടുങ്ങല്ലൂർ മണ്ഡലം കമ്മറ്റി കഴിഞ്ഞ ദിവസംഏലൂരിൽ പൊലൂഷൻ കൺട്രോൾ ബോർഡ് ഓഫീസ് ഉപരോധിച്ചിരുന്നു.