വൈപ്പിൻ: നായരമ്പലം കൊച്ചമ്പലം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഏഴ് ദിവസത്തെ തൈപ്പൂയ മഹോത്സവം ഇന്നലെ സമാപിച്ചു. ഇന്നലെ പുലർച്ചെ തൈപ്പൂയാഭിഷേകം, കൂട്ടവെടി, പഞ്ചാമൃതാഭിഷേകം, ശ്രീഷൺമുഖാനന്ദ കാവടി സംഘത്തിന്റെ അഭിഷേക കാവടി എന്നിവനടന്നു.
ശ്രീബലി, ചേന്ദമംഗലം രഘുമാരാരുടെ പഞ്ചാരിമേളം, ആനയൂട്ട്, ശ്രീസുബ്രഹ്മണ്യ കാവടി സംഘത്തിന്റെ കാവടി ഘോഷയാത്ര എന്നിവയും നടന്നു.
വൈകിട്ട് അഞ്ചാനകൾ നിരന്ന പകൽപ്പൂരം, തിരുവല്ല രാധാകൃഷ്ണന്റെ പാണ്ടിമേളം, വൈക്കം പ്രകാശന്റെ നാദസ്വരം, കൊച്ചിൻ നവരസയുടെ കോമഡി ഷോ എന്നിവയ്ക്ക് ശേഷം രാത്രി ശ്രീശങ്കരനാരായണ ക്ഷേത്രക്കുളത്തിലായിരുന്നു ആറാട്ട്.
തുടർന്ന് താളമേളങ്ങളുടെ അകമ്പടിയോടെ ആറാട്ടെഴുന്നള്ളിപ്പ്. പുലർച്ചെ കലാശാഭിഷേകത്തോടെ ഉത്സവം സമാപിച്ചു. ഉത്സവാഘോഷങ്ങൾക്ക് പ്രസിഡന്റ് രഞ്ജിത്ത്, സെക്രട്ടറി എം.എ സത്യൻ എന്നിവർ നേതൃത്വം നൽകി.
ഞാറക്കൽ ശക്തിധര ക്ഷേത്രത്തിൽ അഞ്ച് ആനകളുടെ പൂരം
വൈപ്പിൻ: ഞാറക്കൽ ശ്രീനാരായണ ധർമ്മോദ്ധാരിണി സഭ വക ശക്തിധര ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് അഞ്ച് ആനകളുടെ പകൽപ്പൂരം നടന്നു.
മുടക്കുഴ ഷാജികുമാറിന്റെ നാദസ്വരം, ചേന്ദമംഗലം രഘുമാരാരുടെ പഞ്ചവാദ്യം, ചെറുശേരി കുട്ടന്റെ പാണ്ടിമേളം എന്നിവ ഉത്സവാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
പുലർച്ചെ മാലിപ്പുറം ചാപ്പ കടപ്പുറത്ത് ആറാട്ട് നടന്നു. തിരിച്ചെഴുന്നള്ളി പഞ്ചവിംശനി കലാശാഭിഷേകത്തോടെ ഉത്സവം സമാപിച്ചു. പ്രസിഡന്റ് എം.കെ.മുരളീധരൻ, സെക്രട്ടറി പി.കെ.രമേശൻ എന്നിവർ ഉത്സവാഘോഷങ്ങൾക്ക് നേതൃത്വം നൽകി.