kidary
കോതമംഗലം പല്ലാരിമംഗലം അടിവാട് വില്പ്പനയ്ക്കായി എത്തിച്ചിരിക്കുന്ന കിടാരികൾ

മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിൽ കന്നുകാലികളിൽ കാപ്രിപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചു. മാറാടി, മഴുവന്നൂർ, രായമംഗലം പഞ്ചായത്തുകളിലെ പശുക്കളിലാണ് ചർമ്മ മുഴകൾ ഉണ്ടാക്കുന്ന കാപ്രിപോക്സ് രോഗം പടർന്നത്. ആശങ്കയിലാണ് മേഖലയിലെ ക്ഷീരകർഷകർ.

ജില്ലയിലെ 23 പഞ്ചായത്തുകളിലെ കന്നുകാലികളിൽ രോഗ ലക്ഷണമുണ്ട്. രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം വന്നാലേ രോഗവ്യാപനത്തിന്റെ ഗൗരവം അറിയാനാകൂ. ജനുവരി അവസാനമാണ് രോഗലക്ഷണം പല പശുക്കളിലും പ്രകടമായത്.

ആഫ്രിക്കയിലുള്ള ലംപി സ്‌കിൻ ഡിസീസിന് സമാനമായ ലക്ഷണമാണിവിടെ. സാംബിയ, എത്യോപ്യ, ഈജിപ്ത്, ഇസ്രായേൽ എന്നിവിടങ്ങളിൽ ഈ വൈറസ് ബാധ വലിയ ദുരന്തം വിതച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒഡീഷയിലും രോഗം പടർന്നുപിടിച്ചിരുന്നു.

കേരളത്തിൽ ഇതാദ്യമാണ് രോഗബാധ.

ദിനം തോറും ആയിരക്കണക്കിന് കാലികളെ കശാപ്പിനായി കേരളത്തിൽ കൊണ്ടുവരുന്നുണ്ട്. ഇവയെ പരിശോധിക്കണമെന്ന ചട്ടമൊന്നും പാലിക്കപ്പെടുന്നില്ല.

പ്രതിരോധ നടപടികൾ
കുതിരയീച്ച, കൊതുക് പട്ടുണ്ണി തുടങ്ങിയവയിലൂടെയാണ് രോഗം പകരുന്നത്. ഫിനോൾ(2%), സോഡിയം ഹൈപ്പോക്ലോറേറ്റ് ലായനി(3%), അലക്കുകാരം(4%) എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് തൊഴുത്തും പരിസരവും വൃത്തിയാക്കണം. ചാണകക്കുഴി മൂടി ഇടണം.

• പ്രതിരോധ കുത്തിവെപ്പുകൾക്ക് സാധ്യത തേടണം

• രോഗബാധ കണക്കിലെടുത്ത് കാലികളെ കൊണ്ടുവരുന്നത് തടയണം

ലക്ഷണങ്ങൾ

കണ്ണിലും മൂക്കിലും നിന്ന് വെള്ളമൊലിക്കലും കടുത്ത പനിയുമാണ് ആദ്യ ലക്ഷണങ്ങൾ. കാലുകൾക്ക് സ്വാധീനക്കുറവും കഴല വീക്കവും ഉണ്ടാകും. ദിവസങ്ങൾ കഴിയുമ്പോൾ തൊലിപ്പുറത്ത് ഒന്ന് മുതൽ 5 അഞ്ച് സെന്റീമീറ്റർ വരെ വ്യാസമുള്ള മുഴകൾ വന്ന് പഴുത്ത് പൊട്ടി വൃണമാകുന്നു. തീറ്റയെടുക്കാതെ കറവ വറ്റും. മരണ കാരണവുമാകാം.

ക്ഷീരകർഷകരുടെ ആശങ്കയകറ്റുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും ഇന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ലൈബി പോളിന്റെ നേതൃത്വത്തിൽ അവലോകന യോഗം നടക്കും. രാവിലെ 10 ന് കോതമംഗലം മൃഗാശുപത്രിയിലും, 11.30ന് മൂവാറ്റുപുഴ മൃഗാശുപത്രിയിലുമാണ് യോഗം.

പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിനും ക്ഷീര കർഷകരുടെ ആശങ്കയകറ്റുന്നതിനും വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണമെന്ന് എൽദോ എബ്രഹാം എം.എൽ.എ. സർക്കാരിനോട് ആവശ്യപ്പെട്ടു. കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും എം.എൽ.എ പറഞ്ഞു.