കൊച്ചി: ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്ന് മടങ്ങിയെത്തിയ 15 വിദ്യാർത്ഥികളിൽ ആർക്കും കാെറോണ രോഗലക്ഷണങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. 320 പേരാണ് ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നത്.

കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചാണ് വിദ്യാർത്ഥികളുടെ സാമ്പിളുകൾ ശേഖരിച്ചത്. 28 ദിവസം വീടുകളിൽ തന്നെ നിരീക്ഷണത്തിൽ പാർപ്പിക്കും. ഇവരിൽ രണ്ടുപേർ എറണാകുളം ജില്ലക്കാരാണ്.

# വിളികൾ 55

ജില്ല കൊറോണ കൺട്രോൾ റൂമിലേക്ക് ഇന്നലെ 55 കോളുകൾ ലഭിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ബന്ധുക്കൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനെക്കുറിച്ച് അറിയാനും വിളിച്ചു. വിദേശികൾ എത്തിയതായി ഹോട്ടലുകളിൽ നിന്നും അറിയിച്ചു. നിരീക്ഷണത്തിലുള്ള ചിലർ പുറത്തുപോകുന്നതായി അറിയിച്ചും വിളികളെത്തി.

കൺട്രോൾ റൂമിൽ മാനസികാരോഗ്യ വിഭാഗമായ പരിരക്ഷയുടെ കൗൺസിലർമാരുടെ സേവനവും ലഭ്യമാണ്. ഇന്നലെ 39 പേർക്ക് ഫോണിലൂടെ കൗൺസലിംഗ് നൽകി.

# പരിശീലനം തുടരുന്നു

രോഗപ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി ഇ.എസ്.ഐ ആശുപത്രികൾ സർക്കാർ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ബോധവത്കരണ ക്ലാസും ജീവനക്കാർക്കുള്ള പരിശീലനവും തുടന്നു. പണ്ടപ്പള്ളി, വാരപ്പെട്ടി എന്നിവിടങ്ങളിൽ കുടുംബശ്രീ പ്രവർത്തകർക്ക് ക്ലാസ് സംഘടിപ്പിച്ചു.

# 12 പേർ കൂടി നിരീക്ഷണത്തിൽ

28 ദിവസത്തിനുള്ളിൽ ചൈനയിലെ രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തിയ 12 പേരോട് മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടു. നാലു പേരെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് ഇന്നലെ മുതൽ ഒഴിവാക്കി. ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത് 320 പേരാണ്. ആരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. 15 വിദ്യാർത്ഥികളുടെ ഉൾപ്പെടെ 16 പേരുടെ സാമ്പിളുകൾ ആലപ്പുഴ എൻ.ഐ.വിയ്ക്ക് അയച്ചതായി അധികൃതർ അറിയിച്ചു.