kadakampally
കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സുസ്ഥിര വികസന ലക്ഷ്യങ്ങളും കേരളത്തിലെ സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസാരിക്കുന്നു. ഡോ. രവിരാമൻ, മിനി ആന്റണി, ഡോ. ടി.പി. സേതുമാധവൻ, ഡോ. സംഗീത പ്രതാപ് എന്നിവർ സമീപം

കൊച്ചി: ബ്ലേഡ് പലിശക്കാരെ ഒഴിവാക്കി സഹകരണ ബാങ്കിലൂടെ കുറഞ്ഞ തുകയ്ക്കും അനുവദിക്കാൻ സഹകരണ വകുപ്പിന്റെ മുറ്റത്തെ മുല്ല പദ്ധതി സഹായകരമാവുമെന്ന് സംസ്ഥാന സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സുസ്ഥിര വികസന ലക്ഷ്യങ്ങളും കേരളത്തിലെ സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മുറ്റത്തെ മുല്ല പദ്ധതി പ്രകാരം പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് കുറഞ്ഞ തുകയുടെ വായ്പകൾ ലഭ്യമാക്കും. വട്ടിപ്പലിശക്കാരുടെ ചൂഷണങ്ങളിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാൻ പദ്ധതിക്ക് കഴിയും. അയ്യായിരമോ പതിനായിരമോ രൂപ വായ്പ ആവശ്യപ്പെട്ട് ആരും ബാങ്കുകളെ സമീപിക്കുന്നില്ല. വട്ടിപ്പലിശക്കാരെയാണ് കുറഞ്ഞ തുകകളുടെ വായ്പക്കായി ആശ്രയിക്കുന്നത്. ബ്ലേഡുകാരെ ഒഴിവാക്കി കുറഞ്ഞ പലിശയ്ക്ക് സഹകരണ ബാങ്കിലൂടെ കുറഞ്ഞ തുകയ്ക്കുള്ള വായ്പ നൽകാൻ മുറ്റത്തെ മുല്ല പദ്ധതിയിലൂടെ സാധിക്കും.

കേരളാ ബാങ്ക് ഉൾപ്പെടെ വലിയ പദ്ധതികളിലേയ്ക്ക് സഹകരണ രംഗം എത്തിക്കഴിഞ്ഞു. സുസ്ഥിര വികസനത്തിൽ കേരളം മുന്നേറി. പാർശ്വവത്ക്കരിക്കപ്പെട്ട ഒറ്റപ്പെട്ട തുരുത്തുകൾ തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. രവിരാമൻ, മിനി ആന്റണി, ഡോ. ടി.പി. സേതുമാധവൻ, ഡോ. സംഗീത പ്രതാപ് എന്നിവരും പങ്കെടുത്തു.