വൈപ്പിൻ : ചെറായിശ്രീഗൗരീശ്വരക്ഷേത്രോത്സവത്തിന്റെ ഭാഗമായി തൈപ്പൂയദിവസമായ ഇന്നലെ ചെറായിയിലെ തെരുവീഥിയിൽ കാവടികൾ നിറഞ്ഞാടി.രാവിലെ എടവനക്കാട് നിന്ന് പുറപ്പെട്ടപഴനിയാണ്ടവ കാവടി സംഘത്തിന്റെ കാവടികൾ ഉച്ചയോടെ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. വൈകീട്ട് നാലിന് ചെറായി കോവിലുങ്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട ഗൗരീശ്വര വിലാസം കാവടി സംഘത്തിന്റെ വിവിധ രൂപത്തിലുള്ള കാവടികൾ ഡിസ്‌പെൻസറി , എസ് എം ഹൈസ്‌കൂൾ , ദേവസ്വംനട വഴി രാത്രി എട്ട് മണിയോടെ ക്ഷേത്രത്തിലെത്തിയപ്പോൾ ക്ഷേത്ര മൈതാനവും വൈപ്പിൻ മുനമ്പം സംസ്ഥാന പാതയും ഉത്സവ പ്രേമികളെ കൊണ്ട് നിറഞ്ഞു. ഗുരുദേവ തേര്, മുരുക രഥം, പൂക്കാവടി , കൊട്ടക്കാവടി, നിലക്കാവടി , ചെണ്ടമേളം, ശിങ്കാരിമേളം, തകിൽ മേളം, പെരുമ്പറ, രാമനാട്ടം, മയിലാട്ടം, പുലിവാഹനൻ, അർദ്ധനാരീശ്വരൻ, നിശ്ചല ദൃശ്യങ്ങൾ എന്നിവ കാവടി ഘോഷയാത്രയിൽ അണി നിരന്നു.
പുലർച്ചെ നവകലശാഭിഷേകത്തോടെയാണ് ക്ഷേത്ര ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ആയിരക്കണക്കിന് ഭക്ത ജനങ്ങൾ അഭിഷേകത്തിനുള്ള ഇളനീരുമായി ക്ഷേത്ര മൈതാനിയിൽ നിന്നു. ഉച്ചയോടെയാണ് അഭിഷേകം പൂർണമായത്. ഇന്നാണ് പ്രസിദ്ധമായ പൂരം. രാവിലെ ശീവേലിക്കും വൈകീട്ട് പകൽപൂരത്തിനും പുലർച്ചെയുള്ള ആറാട്ട് എഴുന്നള്ളിപ്പിനും പതിനഞ്ച് ആനകൾ വീതം അണി നിരക്കും.