കൊച്ചി: സാഹിത്യത്തിലുണ്ടായ ദിശാബോധം വായനയിൽ സംഭവിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സാഹിത്യത്തിലെ മാറ്റവും വായനയുടെ രാഷ്ട്രീയത്തിന്റെ വളർച്ചയും ചേർന്നിരുന്നെങ്കിൽ മതനിരപേക്ഷ മനസിനെ ആർക്കും തൊടാൻ കഴിയുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ മനസിൽ നവോത്ഥാനം കൃത്യമായി ഉറപ്പിക്കണമെങ്കിൽ വേണ്ടിയിരുന്നത് വായനയുടെ രാഷ്ട്രീയം തിരിച്ചറിയലായിരുന്നു. ഒരു പുസ്തകം സമൂഹത്തിൽ നിലനിൽക്കുന്നത് അതിന്റെ വായനയിൽ നിന്ന് ഉരുത്തിരിയുന്ന പാഠമായിട്ടാണ്. അതിനാൽ എങ്ങനെ വായിക്കണമെന്നത് പ്രധാനമാണ്. വായനയുടെ രാഷ്ട്രീയം തിരിച്ചറിയേണ്ടതും പ്രചരിപ്പിക്കേണ്ടതും പ്രധാനമാണ്. വായന നിഷ്‌കളങ്കമോ ഋജുരേഖയിലുള്ളതോ അല്ല. അതിന് കൃത്യമായ രാഷ്ട്രീയവും ദിശാബോധവും പ്രധാനമാണ്. ഭ്രാന്താലയത്തെ മാനവികതയിലേക്കെത്തിക്കുന്ന മാറ്റങ്ങളുണ്ടാക്കിയത് നവോത്ഥാനമാണെന്നും രവീന്ദ്രനാഥ് പറഞ്ഞു.