കൊച്ചി: ആർദ്രം ജനകീയ കാമ്പയിനോടനുബന്ധിച്ച് എറണാകുളം ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ സൈക്ളത്തൺ നടത്തി. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം, സുരക്ഷിതഭക്ഷണം ശീലമാക്കുക എന്ന സന്ദേശവുമായി ഇരുപത് കിലോ മീറ്റർ സൈക്കിൾ സവാരി നടത്തി. രാവിലെ 6.30 ന് കലൂർ നെഹ്റു സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച റാലി അസി.പൊലീസ് കമ്മീഷണർ വിജയൻ ഫ്ളാഗ് ഒഫ് ചെയ്തു. മറൈൻഡ്രൈവ് വഴി തേവരയെത്തി തിരിച്ച് പള്ളിമുക്ക്, കടവന്ത്ര, വൈറ്റില, തമ്മനം വഴി രണ്ടു മണിക്കൂറിന് ശേഷം സ്റ്റേഡിയത്തിൽ തിരിച്ചെത്തി. റിട്ട.ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണർ റെജി.സി.ജോർജ് റാലിയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.ഫുഡ് സേഫ്റ്റി അസി.കമ്മീഷണർ ജേക്കബ് തോമസ് മെഡലുകൾ വിതരണം ചെയ്തു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ പി.ബി. ദിലീപ്, ജോസ് ലോറൻസ്,എസ്. അജി ഷൺമുഖൻ, വിന്നി ചിറ്റിലപ്പിള്ളി, രന്ധീപ്, വൈശാഖൻ, സിന്ധ്യ, ബൈജു.പി, നീതു, എമിമോൾ എന്നിവർ റാലിക്ക് നേതൃത്വം നൽകി.