കൊച്ചി: ഒരു വസ്തു അതേപോലെ പകർത്താൻ കഴിയുന്ന 3ഡി പ്രിന്റിംഗ് ഒട്ടേറെ മേഖലകളെ മാറ്റിമറിയ്ക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ പറഞ്ഞു. കേരളാ മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷൻ (കെ.എം.പി.എ) സംഘടിപ്പിച്ച പ്രിന്റ് ആൻഡ് ബിയോണ്ട് സെമിനാറിന്റെ ആറാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റെം സെൽ ഗവേഷണവുമായിച്ചേർന്ന് ത്രിഡി പ്രിന്റിംഗ് കൈകോർക്കുമ്പോൾ കൃത്രിമ അവയവനിർമാണത്തിന്റെ മേഖലയിൽ വൻകുതിപ്പുണ്ടാകും. അവയവമാറ്റ ശസ്ത്രക്രിയകളിലും ഇത് മാറ്റമുണ്ടാക്കും. യുകെയിൽ നിന്നുള്ള അറൈവൽ എന്ന ഇലക്ട്രിക് വാഹനനിർമാണക്കമ്പനിയുമായുള്ള സർക്കാരിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്.ഈ നൂതന നിർമാണവിദ്യ മൂലം ഒരു ബസ് നിർമാണ ഫാക്ടറിക്ക് 5 ഏക്കറോളം സ്ഥലം മതിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഫാക്ടറി സംസ്ഥാനത്ത് സ്ഥാപിക്കാൻ ചർച്ചകൾ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. കൊച്ചി റാഡിസൺ ബ്ലു ഹോട്ടലിൽ നടന്ന ചടങ്ങിൽ ഓട്ടോപ്രിന്റ് മെഷീനറി മാനുഫാക്ചറേഴ്‌സ് എം.ഡി സി.എൻ അശോക് മുഖ്യപ്രഭാഷണംനടത്തി .
കെ.എം.പി.എ പ്രസിഡന്റ് ആർ ഗോപകുമാർ, പ്രഗതി ഓഫ്‌സെറ്റ് ഡയറക്ടർ ഹർഷ പരുചുരി, ഐടിസി പി.എ.സ്.പി.ഡി ഡിവിഷൻ ഹെഡ് എസ് .എൻ വെങ്കട്ടരാമൻ ഹരിയാനയിലെ ദീൻബന്ധു ഛോട്ടു രാം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. രാജേന്ദ്രകുമാർ അനായത്, കൊച്ചി അനശ്വര ഓഫ്‌സെറ്റ് ഡയറക്ടർ അനൂപ് വേണുഗോപാൽ, പ്രിന്റ് വീക്ക് ഇന്ത്യ എഡിറ്റർ രാമു രാമനാഥൻ, പ്രിന്റ് ആന്റ് ബിയോണ്ട് 2020 ചെയർമാൻ ജി. വേണുഗോപാൽ, കെ.എം.പി.എ ജനറൽ സെക്രട്ടറി ബിജു ജോസ് എന്നിവർ പ്രസംഗിച്ചു.