കൊച്ചി: മറൈൻഡ്രൈവിൽ നടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയിൽ മലയാളത്തിനും ഇംഗ്ലീഷിനും പുറമേ ബംഗാളി, ഗുജറാത്തി, ഹിന്ദി, തമിഴ് ഭാഷകളിൽ നിന്നുള്ള രചനകളും വില്പ്നയ്ക്ക്. ഹിന്ദി, തമിഴ് പുസ്തകങ്ങൾ മുൻ വർഷങ്ങളിലും കൃതിയിൽ വില്പനയ്‌ക്കെത്തിയിട്ടുണ്ടെങ്കിലും ഗുജറാത്തി, ബംഗാളി ഭാഷകളിലുള്ള പുസ്തകങ്ങൾ ഇതാദ്യമാണ്. ബംഗാളി, ഗുജറാത്തി ഭാഷകളിലുള്ള സാഹിത്യകൃതികൾക്കൊപ്പം, ശാസ്ത്ര, ബാലസാഹിത്യ പുസ്തകങ്ങളും ആത്മീയത, സെൽഫ് ഹെൽപ് വിഭാഗങ്ങളിലുള്ള പുസ്തകങ്ങളും സ്റ്റാളുകളിൽ ലഭ്യമാണ്. ഇംഗ്ലീഷ് ബെസ്റ്റ് സെല്ലറുകളുടെ ബംഗാളി, ഹിന്ദി, ഗുജറാത്തി പരിഭാഷകളും സ്റ്റാളിലുണ്ട്.
ചെന്നൈ ആസ്ഥാനമായ ന്യൂ സെഞ്ച്വറി ബുക്‌സ്, കാലച്ചുവട് എന്നീ പ്രസാധകരാണ് തുടർച്ചയായ രണ്ടാം വർഷം തമിഴ് പുസ്തകങ്ങൾ കൃതിയിലെത്തിച്ചിരിക്കുന്നത്. തമിഴ് ഭാഷയിലുള്ള പുസ്തകങ്ങൾക്ക് പ്രത്യേകം സ്റ്റാളുമുണ്ട്. കമലാ സുരയ്യ, വൈക്കം മുഹമ്മദ് ബഷീർ, എം.ടി വാസുദേവൻ നായർ അടക്കമുള്ള എഴുത്തുകാരുടെ കൃതികളുടെ തമിഴ് പരിഭാഷകളും സ്റ്റാളിൽ ലഭ്യമാണ്. എം.ടിയുടെ മഞ്ഞ്, കമലാ സുരയ്യയുടെ പക്ഷിയുടെ മണം, ബഷീറിന്റെ ബാല്യകാല സഖി, പാത്തുമ്മയുടെ ആട് തുടങ്ങിയവയുടെ തമിഴ് പരിഭാഷകൾ സ്റ്റാളിലുണ്ട്.