കൊച്ചി: ബി.എസ്. എൻ. എൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനായി പറമ്പിലും ടെറസിലും സ്ഥലം നൽകിയവർ ആശങ്കയിൽ. ടവർ വാടക കുടിശികയായിട്ട് മാസങ്ങളായി. തുക എന്നു കിട്ടുമെന്ന ചോദ്യത്തിന് മറുപടിയില്ല. ഓഫീസിലേക്ക് ഫോൺ വിളിച്ചാൽ എടുക്കാൻ ആളില്ല. ബി.എസ്.എൻ.എൽ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതും വി.ആർ.എസ് എടുത്ത് കൂട്ടത്തോടെ ജോലിയിൽ നിന്ന് വിരമിച്ചതുമെല്ലാം നാടെങ്ങും ചർച്ചയായി. സംഘടനയില്ലാത്തതിനാൽ സംസാരിക്കാൻ ആളില്ല. തങ്ങളുടെ നിവൃത്തികേട് ആരും അറിയുന്നില്ലെന്നാണ് ഇവരുടെ പരാതി.

# കരാർ 15 വർഷത്തേക്ക്

ബി.എസ്.എൻ.എല്ലും ടവർ സൈറ്റ് ഉടമകളും തമ്മിൽ 15 വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. എല്ലാ മാസവും പത്താം തീയതിക്കകം വാടക കൃത്യമായി ലഭിച്ചിരുന്നു. ബി.എസ്.എൻ.എല്ലിൽ പ്രതിസന്ധി തുടങ്ങിയതോടെ വാടക മുടങ്ങി തുടങ്ങി. ഭൂരിഭാഗം പേരുടെയും കരാർ കലാവധി 10-13 വർഷം പിന്നിട്ടുകഴിഞ്ഞു

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇവർ അടുത്ത കാലത്ത് സൈറ്റ് ഓണേഴ്സ് അസോസിയേഷൻ എന്ന വാട്സ് അപ്പ് കൂട്ടായ്മയിലൂടെയാണ് പരസ്പരം കണ്ടെത്തിയത്. വാടക കുടിശികയ്ക്ക് വേണ്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങാനാണ് ഇവരുടെ തീരുമാനം

# പ്രതിസന്ധിയിലെന്ന് ഉടമകൾ

സംസ്ഥാനത്ത് രണ്ടായിരവും ജില്ലയിൽ അഞ്ഞൂറു പേരുമാണ് മൊബൈൽ ടവറുകൾക്കായി സ്ഥലം നൽകിയത്. 600 ചതുരശ്ര അടിയോളം സ്ഥലം വേണം. 2000-3500 രൂപ വരെയാണ് വാടക. വരുമാനത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വമായതോടെ ഉടമകൾ കടുത്ത പ്രതിസന്ധിയിലാണ്.

#പ്രശ്നത്തിന് ഉടൻ പരിഹാരം

ഈ പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്ന് ബി.എസ്.എൻ.എല്ലിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ജനുവരിയിൽ രണ്ടു മാസത്തെ കുടിശിക നൽകിയിരുന്നു. ജൂൺ മുതലുള്ള തുകയാണ് ഇനി കുടിശിയുള്ളത്. നിരവധി പേർ വി.ആർ.എസ് എടുത്ത് പിരിഞ്ഞതോടെ ശമ്പളചെലവ് പാതിയായി കുറഞ്ഞു. മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ലോണെടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്. സൈറ്റ് ഉടമകളുടെ കുടിശിക തീർക്കുന്നതിനാണ് ബി.എസ്.എൻ.എൽ പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.