* അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടു

തൃക്കാക്കര: ഭൂതത്താൻകെട്ടിലെ അനധികൃത നിർമ്മാണത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും കളക്ടർ എസ്.സുഹാസ് പറഞ്ഞു. എറണാകുളം ഭൂതത്താൻ കെട്ടിൽ അനധികൃത ബണ്ടുണ്ടാക്കി ഉൾക്കാട്ടിലൂടെ റോഡ് ഉണ്ടാക്കാൻ സ്വകാര്യ ടൂറിസം ലോബി നീക്കം നടത്തുന്നതായി വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് കളക്ടറുടെ നടപടി. പെരിയാർവാലി കനാലിന് കുറുകെ വനഭൂമിയെ ബന്ധിപ്പിച്ചാണ് ബണ്ട് നിർമിച്ചത് . രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് അനധികൃത നിർമ്മാണം നടത്തുന്നതായി ആരോപണം ഉയർന്നിരിക്കുന്നത്. വനത്തിനുളളിലെ റിസോർട്ടുകൾ ഉൾപ്പെടുന്ന പട്ടയഭൂമിയിലേക്ക് റോഡ് നിർമ്മിക്കുന്നതിനായി കനാലിന് കുറുകേ തടയണയ്ക്ക് സമാനമായ ബണ്ട് അനധികൃതമായി നിർമ്മിച്ചാണ് തുടക്കം.ദിവസങ്ങൾക്കുമുമ്പാണ് വനഭൂമിയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് ബണ്ടിന്റെ നിർമാണം തുടങ്ങിയത്. നേരത്തെ ഒരാൾക്ക് നടക്കാവുന്ന വീതിയിൽ വരമ്പിന് സമാനമായ ബണ്ടുണ്ടായിരുന്നു. വനഭൂമിക്കുള്ളിലെ പട്ടയഭൂമിയിലേക്ക് പോകാൻ സ്വകാര്യവ്യക്തികൾ ആശ്രയിച്ചിരുന്നത് ഈ വരമ്പിനെയാണ്. ഇതിന് ബദലായിട്ടാണ് ഒരു ലോറി.പോകാൻ പാകത്തിൽ പെരിയാർ വാലി കനാലിനു കുറുകെ ബണ്ട് പണിതത്.