balasahithyam
ഹരീഷ് ആർ നമ്പൂതിരിപ്പാട്

പിറവം: രാമമംഗലം ഹൈസ്കൂളിലെ യു.പി വിഭാഗം അദ്ധ്യാപകനായ ഹരീഷ് ആർ.നമ്പൂതിരിപ്പാട് കുട്ടികളുടെ മനസറിഞ്ഞ എഴുത്തുകാരനാണ്. താൻ മനസിൽ ഗുരുവായി വരിച്ച കുഞ്ഞുണ്ണി മാഷിന്റെ പാത പിന്തുടർന്ന് കവിതകളുമായി എഴുത്തിന്റെ ലോകത്തെത്തിയ ഹരീഷ് ആർ നമ്പൂതിരിപ്പാട് ഇന്ന് നാല്പതോളം പുസ്തകങ്ങളുടെ രചയിതാവാണ്.

കുഞ്ഞിക്കവിതകൾ എന്ന ആദ്യ പുസ്തകം മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അമ്മച്ചിറക് എന്ന പുസ്തകം വരെ എല്ലാം കുട്ടികൾക്ക് എളുപ്പം വായിച്ചു മനസ്സിലാക്കാൻ കഴിയുന്ന രചനകളാണ്.

മുതിർന്നവർക്കായി ഉപദേശങ്ങളും ഗുണപാഠങ്ങളും പ്രാർത്ഥനകളും അടങ്ങിയ ചെറു കവിതകൾ അടങ്ങിയ ഒമ്പത് പുസ്തകങ്ങൾ ഹരീഷ് ആർ നമ്പുതിരിപ്പാട് രചിച്ചിട്ടുണ്ട്. മലയാളത്തിലെ ക്ലാസിക് കൃതിയായ നളചരിതവും, ഐതിഹ്യമാലയും, മഹാഭാരതവും പുരാണകഥകൾക്ക് പുറമെ മരതകദ്വീപ് , മെഗാക്വിസ്, സാഹിത്യ ക്വിസ്, നർമ്മഭാവനകൾ, കഥാകവിതകൾ, ഫലിതങ്ങൾ എന്നിവയും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

ചിന്നുവിന്റെ പട്ടുകുപ്പായം എന്ന കഥാപുസ്തകം രണ്ട് ഗജവീരന്മാർ ചേർന്ന് പ്രകാശനം ചെയ്തത് വാർത്താ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

ഇരുപത്തിനാല് വർഷമായി രാമമംഗലം ഹൈസ്കൂളിൾ യുപി മലയാളം അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു വരുന്ന ഇദ്ദേഹം എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാള കാവ്യ സാഹിതിയുടെ ജില്ലാ വൈസ് പ്രസിഡന്റ്, കാക്കൂർ ഗ്രാമീണ വായനശാല വൈസ് പ്രസിഡന്റ് കിഴുമുറി ഉള്ളേലിക്കുന്ന് ഗ്രന്ഥശാല ഉപദേഷ്ടാവ് എന്ന നിലയിൽ പ്രവർത്തിച്ചുവരുന്നു.

2019 മാർച്ച് മുതൽ ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ എട്ട് പുസ്തകങ്ങൾ പുറത്തിറങ്ങി. ആറ് പുസ്തകങ്ങൾ കൂടി ഈ വർഷം ഇറങ്ങാനുണ്ട്.