കൊച്ചി:സംഘപരിവാർ പ്രസ്ഥാനങ്ങൾക്കും പ്രവർത്തകർക്കും അവർ സ്‌നേഹത്തോടെ വിളിച്ചിരുന്ന പരമേശ്വർജി പ്രകാശ ഗോപുരമായിരുന്നു. അറിവിന്റെ അക്ഷയ തേജസ്. എളിമയോടെ പുഞ്ചിരിച്ചുകൊണ്ടുള്ള സംസാരത്തിൽ എന്തിനും ഏതിനും മറുപടി വ്യക്തം. എല്ലാ സംശയവും തീർത്ത് അവിടെ നിന്ന് മടങ്ങാം.
കൈക്കുള്ളിലെത്തിയ അധികാരം, പാർലമെന്ററി സ്ഥാനം തുടങ്ങിയ പ്രലോഭനങ്ങളെ അകറ്റി നിറുത്തിയതാണ് പരമേശ്വരന്റെ വലിയ പ്രത്യേകത. ഇതിനോട് ചിലർ യോജിച്ചില്ലെങ്കിലും തന്റെ ദൗത്യം മറ്റൊന്നാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇ.എം.എസ്, പി. ഗോവിന്ദപ്പിള്ള, നിത്യചൈതന്യ യതി, സുകുമാർ അഴീക്കോട് തുടങ്ങിയ പ്രമുഖരുമായി ആശയപരമായി തർക്കിച്ചു. വിയോജിപ്പുകളെ സംവാദങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും തർക്കിച്ചും ഖണ്ഡിച്ചും മുന്നേറി. എങ്കിലും ഇവരുടെയെല്ലാം സുഹൃത്തായിരുന്നു പരമേശ്വരൻ.
ദീനദയാൽ ഉപാദ്ധ്യായ, എ.ബി.വാജ്‌പേയി, എൽ.കെ.അദ്വാനി എന്നിവർക്കൊപ്പം രാഷ്ട്രീയത്തിൽ ഉന്നത ശീർഷനായിരുന്നിട്ടും തനിക്ക് രാഷ്ട്രീയാധികാരം ശരിയാവില്ല എന്ന് തീരുമാനിച്ച് വഴിമാറി നടന്നു.
കേരളത്തിൽ നിന്ന് ഒരാൾ രാജ്യസഭാ എം.പിയാകണമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം ആലോചിച്ചപ്പോൾ പരമേശ്വർജി വേണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ അറിഞ്ഞ മാത്രയിൽ അതിന് പറ്റിയത് ഒ. രാജഗോപാലാണെന്ന് പറഞ്ഞ് പരമേശ്വരൻ തന്റെ ചിന്താധാരകളിലേക്ക് മടങ്ങി.
സ്‌കൂൾ പഠനകാലത്ത് വയലാർ രാമവർമ്മയുടെ സുഹൃത്തായിരുന്നു. കവിതാരചനയിൽ രാമവർമ്മയെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയ ചരിത്രവുമുണ്ട്. ആ കവി ഹൃദയത്തിൽ നിന്ന് പിന്നീട് പിറന്നത് ആർ.എസ്.എസ് ശാഖകളിൽ ചൊല്ലാനുള്ള ആയിരണക്കണക്കിന് ഗണഗീതങ്ങളാണ്. എല്ലാം ഭാരതീയ ദർശനങ്ങൾ മുഴങ്ങുന്ന വരികൾ.
വിവേകാനന്ദ ദർശനങ്ങൾ ആഴത്തിൽ സ്വാധീനിച്ച പരമേശ്വരനെ സന്യാസ വഴിയിലേക്ക് നയിച്ചത് സ്വാമി ആഗമാനന്ദയുമായുള്ള ഇടപഴകലുകളായിരുന്നു. അങ്ങനെയാണ് കൊൽക്കത്തയിലെത്തി ശ്രീരാമകൃഷ്‌ണ മിഷനിൽ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ചത്. പിൽക്കാലത്ത് ഋഷിതുല്യനായി ജീവിക്കുമ്പോഴും, ആർ.എസ്.എസ് ദ്വിതീയ സർ സംഘചാലക് ഗുരുജി ഗോൾവാൾക്കറിന്റെ സ്വാധീനത്തിൽ രാഷ്‌ട്ര നവോത്ഥാനത്തിന് ജീവിതം സമർപ്പിക്കുകയായിരുന്നു.
ശ്രീനാരായണ ഗുരുദവേനെക്കുറിച്ച് 'നവോത്ഥാനത്തിന്റെ പ്രവാചകൻ', മഹർഷി അരവിന്ദനെക്കുറിച്ച് 'ശ്രീ അരവിന്ദൻ ഭാവിയുടെ ദാർശനികൻ' എന്നീ പുസ്‌തകങ്ങൾ എഴുതി. 'കേരള നവോത്ഥാനത്തിന് നാന്ദി കുറിച്ചത് ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയാണ്'എന്ന് ഗുരുവിനെക്കുറിച്ചുള്ള പുസ്‌തകത്തിൽ അദ്ദേഹം രേഖപ്പെടുത്തി. കൂടാതെ സ്വാമി വിവേകാനന്ദൻ, ശ്രീശങ്കരൻ എന്നിവരെയും ഭഗവദ്ഗീതയും ആധുനിക കേരളത്തിന് കൃത്യമായി അടയാളപ്പെടുത്തി നൽകാൻ കഠിനാദ്ധ്വാനം ചെയ്‌തു.
കമ്മ്യൂണിസ്‌റ്റ് ആശയങ്കളെ നിരന്തരം രൂക്ഷമായ ഭാഷയിൽ വിമർശിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് നേതാക്കളുമായുള്ള വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ പരമേശ്വരൻ എന്നും ശ്രദ്ധിച്ചിരുന്നു. ഇ.എം.എസും പി. ഗോവിന്ദപ്പിള്ളയുമായുള്ള സൗഹൃദങ്ങൾ എടുത്തു പറയണം.