കോലഞ്ചേരി: വിളവിന് വിലയില്ല കർഷകർ ദുരിതത്തിൽ. ചെമ്മനാട് കാർഷിക വിപണിയിൽ ടൺ കണക്കിന് പച്ചക്കറി ലേലത്തിൽ പോകാതെ കെട്ടി കിടക്കുന്നു. 4 ടണ്ണിലധികം വെള്ളരിക്കയാണ് വാങ്ങാനാളില്ലെതെ കെട്ടി കിടക്കുന്നത്. കടുത്ത വേനലിൽ സ്റ്റോക്ക് ചെയ്യുന്നത് കേടായി പോകാൻ ഇടയുള്ളതിനാലും, വിപണിയിൽ ആവശ്യക്കാർ കുറഞ്ഞതുമാണ് കാർഷിക ഉല്പന്നങ്ങളെ ബാധിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന ലേലത്തിൽ നിന്നും വില കുത്തനെ കുറഞ്ഞത് കർഷകർക്ക് ഇരുട്ടടിയായി. തിരുവാണിയൂർ,വണ്ടിപ്പേട്ട ,ചെമ്മനാട് പാടശേഖരങ്ങളിൽ കൃഷി നടത്തിയ കർഷകരാണ് ഇവിടെ ഉല്പന്നങ്ങൾ എത്തിക്കുന്നത്. കഠിന വേനലിലും ഏറെ ബുദ്ധിമുട്ട് സഹിച്ചാണ് കൃഷി നടത്തിയത്. വേനലിന്റെ കാഠിന്യത്തിൽ വാഴ ഒടിഞ്ഞും പച്ചക്കറികൾ വാടിയും പോകുന്നതിനു പിന്നാലെയാണ് ഉള്ള വിളകൾക്ക് വില പോലും കിട്ടാതായത്. പച്ചക്കറയുടെ വരവ് കൂടുമെന്നറിഞ്ഞ് ശനിയാഴ്ച കുറുംപ്പുംതറ, കോട്ടയം, എറണാകുളം മാർക്കറ്റുകളിലേക്ക് ടൺ കണക്കിന് പച്ചക്കറികൾ കയറ്റി വിട്ടിരുന്നു. എന്നിട്ടും ഇന്നലെ വീണ്ടും വന്ന പച്ചക്കറികൾ എടുക്കാനാളില്ലാതെ വന്നു. എറണാകുളം, ആലുവ, പറവൂർ, പിറവം, തൃപ്പൂണിത്തുറ ഭാഗങ്ങളിൽ നിന്നുമുള്ള വ്യാപാരികളാണ് ഇവിടെ ലേലത്തിനെത്തുന്നത്.
വെള്ളരിക്കയ്ക്ക് വിലയില്ല
ലേലത്തിൽ കിലോ മൂന്ന് രൂപയ്ക്ക് വരെ കൊടുക്കാൻ കർഷകർ തയ്യാറായെങ്കിലും വാങ്ങാനാളില്ലാതെ വെള്ളരിക്ക വിപണിയിൽ തന്നെ കിടക്കുകയാണ്. മറ്റു പച്ചക്കറികൾക്കും വില കുത്തനെ ഇടിഞ്ഞു. പടവലം 6 രൂപയ്ക്കും, നേന്ത്രക്കായ 29-33, നാടൻ പയർ 40 നിരക്കിലുമാണ് ലേലം നടന്നത്. ഇതോടെ മുടക്കു മുതൽ പോലും ലഭിക്കാതെ കർഷകർക്ക് കണ്ണീരു മാത്രമായി. പൊതു വിപണിയിൽ വെള്ളരി 20,പടവലം 20, പയർ 60 എന്നിങ്ങനെ വില നില്ക്കുമ്പോഴാണ് തുച്ഛമായ വിലയ്ക്ക് നൽകാമെന്നറിയിച്ചിട്ടും വാങ്ങാനാളില്ലാതെ വന്നത്.
ലോണും വായ്പയുമെടുത്താണ് കൃഷിയിറക്കിയത്
പ്രളയത്തിൽ പച്ചക്കറികൾ വ്യാപകമായി നശിച്ചിരുന്നു. തുടർന്ന് വീണ്ടും ബാങ്ക് ലോണും, സ്വർണ പണയ വായ്പയുമൊക്കെ എടുത്താണ് കർഷകർ കൃഷിയിറക്കിയത്. മുൻ വർഷങ്ങളേക്കാൾ കൂടുതൽ കർഷകർ കൃഷി ഉപജീവനമായി തിരഞ്ഞെടുത്തു. ഇതോടെ വിപണിയിലെത്തുന്ന ഉല്പന്നങ്ങൾ കൂടിയതും വില കുറയാൻ കാരണമായി
ജോഷി , കർഷകൻ, ചെമ്മനാട് കർഷക വിപണി
വില ഇടിയാൻ കാരണം ഹോർട്ടി കോർപ്പ്
പച്ചക്കറി എടുക്കാനാവാത്തത്
ഹോർട്ടി കോർപ്പ് ചെമ്മനാട് വിപണിയിൽ നിന്നും വൻ തോതിൽ പച്ചക്കറി വാങ്ങിയിരുന്നു. വില്പന കുറഞ്ഞതോടെ ഹോർട്ടി കോർപ്പ് പച്ചക്കറി എടുക്കുന്ന അളവ് കുറച്ചതും വില ഇടിയാൻ കാരണമാണ്.
കെ.എം ജോർജ് , പ്രസിഡന്റ് ചെമ്മനാട് കർഷക വിപണി